Kozhikode

ചേളന്നൂരില്‍ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി, മൂന്ന് പേർക്ക് കുത്തേറ്റു

ഊട്ടുകുളം കുമാരസ്വാമി ബസാറില്‍ എത്തിയ പോത്ത് മത്സ്യത്തൊഴിലാളിയായ ഇസ്മയിലിനെയാണ് ആദ്യം കുത്തിയത്.

കോഴിക്കോട്: ചേളന്നൂരില്‍ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി മൂന്ന് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ചേളന്നൂര്‍ പാലത്ത് ആണ് കഴിഞ്ഞ ദിവസം അനിഷ്ടസംഭവങ്ങള്‍ നടന്നത്. ഇറച്ചിക്കട നടത്തുന്നയാളുടെ ഉടമസ്ഥതയിലുള്ള പോത്ത് വിരണ്ടോടുകയായിരുന്നു.

ഊട്ടുകുളം കുമാരസ്വാമി ബസാറില്‍ എത്തിയ പോത്ത് മത്സ്യത്തൊഴിലാളിയായ ഇസ്മയിലിനെയാണ് ആദ്യം കുത്തിയത്. തുടര്‍ന്ന് ഇതര സംസ്ഥാനക്കാരനായ ലോട്ടറി തൊഴിലാളി ശേഖറിനെ കൊമ്പില്‍ ചുഴറ്റിയെറിയുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന മറ്റൊരാളെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികില്‍ ഉണ്ടായിരുന്ന നാല് വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്.

ഇവിടെ നിന്നും രക്ഷപ്പെട്ട പോത്ത് പിന്നീട് അമ്പലത്തുകുളങ്ങര കോരായി താഴം കനാല്‍ ഫീല്‍ഡ് ബോത്തി ചാലിയിലേക്ക് ഓടിയിറങ്ങുകയായിരുന്നു. ഇവിടെയുള്ള വെള്ളം നിറഞ്ഞ കുഴിയില്‍ വീണ പോത്തിന് പുറത്തുകടക്കാനായില്ല. പിന്നീട് സ്ഥലത്ത് എത്തിയ ഉടമസ്ഥനും നാട്ടുകാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി പുറത്തേക്ക് എത്തിക്കുകയായിരുന്നു. കാക്കൂര്‍ പോലീസും നരിക്കുനിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

content highlight : buffalo-attacked-three-people