ബെംഗളൂരു: മുസ്ലീം കോൺട്രാക്ടർമാർക്ക് ടെൻഡറുകളിൽ 4% സംവരണം നൽകാൻ കർണാടക സർക്കാരിന്റെ തീരുമാനം. കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് (കെടിപിപി) നിയമത്തിലെ ഭേദഗതികൾക്ക് സിദ്ധരാമയ്യ മന്ത്രിസഭ ശനിയാഴ്ച അംഗീകാരം നൽകി. ഒരു കോടി രൂപ വരെയുള്ള ടെൻഡറുകളിൽ മുസ്ലീം കരാറുകാർക്ക് 4 ശതമാനം സംവരണം നൽകാനാണ് തീരുമാനിച്ചത്. മാർച്ച് 7 ന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പൊതുമരാമത്ത് കരാറുകളുടെയും 4 ശതമാനം ഇപ്പോൾ കാറ്റഗറി-II ബിയിൽ ഉൾപ്പെട്ട സമുദായത്തിനായി സംവരണം ചെയ്യുമെന്ന് പറഞ്ഞിരുന്നു.
തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തി. കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ രാഹുൽ ഗാന്ധി സ്വാധീനിച്ചുവെന്നും ബിജെപി ആരോപിച്ചു. കർണാടക സർക്കാർ മുസ്ലീങ്ങൾക്കുള്ള 4% സംവരണം രാഹുൽ ഗാന്ധിയുടെ പൂർണ്ണ രക്ഷാകർതൃത്വത്തോടെയാണ് പാസാക്കിയതെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയം കർണാടകയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യവ്യാപകമായി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കമാണിതെന്ന് ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു.
എന്നാൽ, മുഖ്യമന്ത്രിക്ക് വേണ്ടി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി. സംവരണം ജോലിക്കോ വിദ്യാഭ്യാസത്തിനോ അല്ല, മറിച്ച് ഒരു കോടി രൂപ വരെയുള്ള സർക്കാർ കരാറുകാർക്കാണെന്നും 4 ശതമാനം സംവരണം മുസ്ലീങ്ങൾക്ക് മാത്രമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. 4 ശതമാനം സംവരണം മുസ്ലീങ്ങൾക്ക് മാത്രമല്ല, എല്ലാ ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കുമുള്ളതാണെന്നും ശിവകുമാർ ഇന്ന് ഹുബ്ബള്ളിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രസംഗത്തിൽ സിദ്ധരാമയ്യ ഒരു സമുദായത്തിന്റെയും പേര് പരാമർശിച്ചില്ലെങ്കിലും, മുസ്ലീങ്ങൾ മാത്രമുള്ള 2B വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്.
content highlight : reservation-for-muslim-contractors-in-government-tenders