Kozhikode

ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; പ്രതിക്ക് ജീവപര്യന്തം തടവും 1,50,000 രൂപ പിഴയും വിധിച്ച് കോടതി

കൽപ്പറ്റ അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് എ.വി മൃദുല ശിക്ഷിച്ചത്.

കല്‍പ്പറ്റ: ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്ക് ജീവപര്യന്തം തടവും 1,50,000 രൂപ പിഴയും വിധിച്ചു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിൽ കരുണപ്പാറ വീട്ടിൽ കെ.അപ്പുക്കുട്ടനെയാണ്(41) കൽപ്പറ്റ അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് എ.വി മൃദുല ശിക്ഷിച്ചത്.

2016 ജൂണിലാണ് ഇയാൾ മേപ്പാടി കോട്ടവയലിലുള്ള ഭാര്യയുടെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ചു കയറി ഭാര്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കത്തി കൊണ്ട് കഴുത്തിനു കുത്തി ഗുരുതര പരിക്കേൽപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളിലായി വധശ്രമത്തിന് ജീവപര്യന്തം തടവും 1,00,000 രൂപ പിഴയും, അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ച് വർഷം തടവും 25,000 രൂപയും, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് രണ്ട് വർഷവും 25,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷാവിധി.

അന്നത്തെ മേപ്പാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന കെ.പി സുനിൽകുമാറാണ് കേസിൽ ആദ്യ അന്വേഷണം നടത്തിയത്. പിന്നീട് വന്ന ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ടി.പി ജേക്കബ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. സബ് ഇൻസ്‌പെക്ടർ സി.എ മുഹമ്മദ്‌, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.കെ രജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്ക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.

content highlight : life-time-sentence-and-fine-for-attempt-to-murder-wife