കൊൽക്കത്ത: വീട്ടിൽ നടന്ന പ്രസവമെന്ന പേരിൽ കുഞ്ഞിന്റെ ജനനം രജിസ്റ്റർ ചെയ്യാനെത്തിയ ദമ്പതികൾ അറസ്റ്റിലായി. ഇരുവരും വ്യാജ രേഖകളാണ് സമർപ്പിച്ചതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയാണ് ദമ്പതികൾ കൊണ്ടുവന്നത്. എന്നാൽ കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾ ഇവർ അല്ലെന്ന് പിന്നീട് നടന്ന വിശദമായ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
പശ്ചിമ ബംഗാളിലെ അൻഡലിലാണ് വിചിത്രമായ സംഭവം നടന്നത്. ഇവിടുത്തെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ (ബിഡിഒ) ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കിശോർ ബാല, ഭാര്യ പർണ ബാല എന്നിവർ എത്തിയത്. നാദിയ ജില്ലയിലെ മിലാൻ നഗർ വെസ്റ്റ് സ്വദേശികളാണ് ഇവർ. ഓഫീസിലെത്തിയ ദമ്പതികൾ ബിഡിഒ ദേബാഞ്ജൻ ദത്തയെ നേരിട്ട് കണ്ടു. ഇവരുടെ കൈയിൽ ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞ് ഉണ്ടായിരുന്നു. കുഞ്ഞിന്റെ ജനനം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിച്ചു
കുഞ്ഞിന്റെ ജനനം രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യാജ കോടതി അഫിഡവിറ്റ് ഉൾപ്പെടെ അപേക്ഷയോടൊപ്പം ദമ്പതികൾ ഹാജരാക്കി. കുഞ്ഞിനെ പ്രസവിച്ചത് വീട്ടിൽ തന്നെയാണെന്നാണ് ഇവർ ബിഡിഒയെ ബോധിപ്പിച്ചത്. രേഖകളിൽ സംശയം തോന്നിയ ബിഡിഒ ജനനം രജിസ്റ്റർ ചെയ്യാൻ ഏഴ് മാസം വൈകിയത് എന്തു കൊണ്ടാണെന്ന് ചോദിച്ചു. ഇതിനും വ്യക്തമായ ഉത്തരം ദമ്പതികളിൽ നിന്ന് ലഭിച്ചില്ല. രേഖകൾ വ്യാജമാണെന്ന് ഏതാണ്ട് ഉറപ്പായതോടെ ബിഡിഒ പൊലീസിന് പരാതി നൽകി.
വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷിച്ച പൊലീസ്, ദമ്പതികളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോൾ തങ്ങൾ കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെന്ന് ഇരുവരും സമ്മതിച്ചു. ഇതോടെ കുട്ടി ആരുടേതാണെന്ന കാര്യത്തിലായി അന്വേഷണം. ദമ്പതികൾ സമർപ്പിച്ച എല്ലാ രേഖകളും വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. കുട്ടി ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുട്ടിക്കടത്ത് റാക്കറ്റുകളുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച ദുർഗാപൂർ കോടതിയിൽ ഹാജരാക്കിയ ദമ്പതികളെ മൂന്ന് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
content highlight : couple-brought-7-month-old-baby-for-registering-birth