ദില്ലി: അമേരിക്കയിൽ കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്തിയ കേസിൽ തിരുവനന്തപുരത്ത് പിടിയിലായ ലിത്വാനിയൻ പൗരൻ അലക്സേജ് ബെസിക്കോവിനെ ദില്ലി കോടതി തിഹാർ ജയിലിലേക്ക് മാറ്റി. കേരള പൊലീസ് കനത്ത സുരക്ഷയിലാണ് പ്രതിയെ ദില്ലിയിലെത്തിച്ചത്. ഇന്‍റര്‍പോളിന് പ്രതിയെ കൈമാറാനുള്ള നടപടികൾ സിബിഐ ഉടൻ തുടങ്ങും.
ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്നും വിമാനമാർഗം ദില്ലിയിലെത്തിച്ച പ്രതിയെ കനത്ത സുരക്ഷയിലാണ് ദില്ലി പട്യാല ഹൗസ് കോടതിയിലേക്കെത്തിച്ചത്. കല്ലമ്പലം സിഐയുടെയും രണ്ട് എസ്ഐമാരുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ദില്ലിയിലേക്ക് കൊണ്ടുവന്നത്. വൈദ്യ പരിശോധന നടത്തിയശേഷം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് എസിജെഎം രണ്ടാം കോടതിയിൽ ഹാജരാക്കിയത്.
സിബിഐയുടെയും വിദേശകാര്യമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും കോടതിയിലെത്തിയിരുന്നു. മൂന്നു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കാണ് പ്രതിയെ കോടതി അയച്ചത്. കസ്റ്റഡി അവസാനിക്കുന്ന ചൊവ്വാഴ്ച സിബിഐ ഇയാളെ ഇന്‍റര്‍പോളിന് കൈമാറുന്നതിനായി കോടതിയിൽ അപേക്ഷ നൽകും. അലക്സേജിനായി ആറ് അഭിഭാഷകരടങ്ങുന്ന സംഘം കോടതിയിലെത്തിയിരുന്നു. ഇവർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.
ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് സിബിഐയാണ് ഇയാൾ തിരുവനന്തപുരത്തുണ്ടെന്ന വിവരം കേരള പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം വർക്കലയിലെ റിസോർട്ടിൽനിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെയും സുഹൃത്തിന്‍റെയും ഉടമസ്ഥതയിലുള്ള ഗാരന്റക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ചിലൂടെ 2019 മുതൽ 8,16,000 കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ കമ്പനികളുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തും മയക്കുമരുന്ന് സംഘവുമായുള്ള ഇടപാടുകളിലൂടെയും ഇയാൾ കോടികൾ തട്ടിയതായി അമേരിക്ക കണ്ടെത്തിയിട്ടുണ്ട്.
20 വർഷം വരെ തടവുശിക്ഷ കിട്ടാൻ സാധ്യതയുള്ള രണ്ട് കേസിൽ അമേരിക്കയിൽ പ്രതിയാണിയാൾ. വർക്കലയിൽനിന്നും റഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തഹാവൂർ റാണയെ കൈമാറാൻ അമേരിക്ക സമ്മതിച്ചതിനുശേഷമാണ് അമേരിക്കയിൽ നിയമനടപടി നേരിടുന്ന ഒരാളെ കൈമാറുന്നതിന് ഇന്ത്യ നടപടി തുടങ്ങിയിരിക്കുന്നത്.
2008ലെ മുബൈ ഭീകരാക്രമണക്കേസിലെ പ്രതിയാണ് തഹാവൂര്‍ റാണ. ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ തഹാവൂര്‍ റാണ നൽകിയ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. കനേഡിയൻ പൗരനായ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യുഎസ് പ്രസിഡന്‍റ് ട്രംപ് കഴിഞ്ഞമാസമാണ് അനുമതി നൽകിയത്. 63കാരനായ റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ ജയിലിലാണുള്ളത്.
content highlight : crypto-currency-fruad-lithuanian-national-aleksej-besciokov-arrested