Kerala

വ്ലോഗർ ജുനൈദിന്റെ അപകട മരണം: അസ്വഭാവികതയില്ലെന്നു പൊലീസ്

എടക്കര (മലപ്പുറം): വ്ലോഗർ ജുനൈദിന്റെ അപകട മരണത്തിൽ അസ്വഭാവികതയില്ലെന്നു പൊലീസ് അറിയിച്ചു. രക്തസ്രാവത്തെ തുടർന്നുണ്ടായ ശ്വാസതടസ്സമാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ണിനു താഴ്ഭാഗത്തായി സാരമായി പരുക്കേറ്റു. തലയോട്ടിക്കും ചെറിയ പൊട്ടൽ ഉണ്ടായി. ഇതേ തുടർന്ന് മൂക്കിലേക്കും ശ്വസന നാളത്തിലേക്കും രക്തമിറങ്ങി ശ്വാസതടസ്സമുണ്ടായതാണു മരണകാരണം. പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

വഴിക്കടവ് ആലപ്പൊയിൽ സ്വദേശിയായ ചോയ്ത്തല ജുനൈദിനു (32) തൃക്കലങ്ങോട് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണു പരുക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. അപകടസ്ഥലത്ത് രക്തംവാർന്ന നിലയിൽ കണ്ട ജുനൈദിനെ ബസ് ജീവനക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രാത്രിയോടെ മരിച്ചു.

ജുനൈദ് അപകടകരമായ വിധത്തിൽ ബൈക്ക് ഓടിച്ചുപോകുന്നത് കണ്ട ഒരാൾ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചിരുന്നു. ഇയാളുടെ മൊഴിയെടുക്കും. പ്രദേശത്തെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ ജുനൈദ് ജാമ്യത്തിലിറങ്ങിയതായിരുന്നു. മൃതദേഹം കബറടക്കി.