Kerala

കളമശേരി പോളിടെക്നിക്ക് ലഹരിക്കേസ്: ലഹരി എത്തിച്ചു നൽകിയ മൂന്നാം വർഷ വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതം

കൊച്ചി: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ ലഹരി എത്തിച്ചു നൽകിയ മൂന്നാം വർഷ വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതം. കൊല്ലം സ്വദേശിയായ ഈ വിദ്യാർത്ഥിയാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു പേരും മൊഴി നൽകിയിട്ടുണ്ട്. ലഹരി എത്തിച്ച് നൽകിയ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടൻ പിടികൂടും. റിമാൻഡിലുള്ള വിദ്യാർത്ഥി ആകാശിനെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ആകാശിനെ ചോദ്യം ചെയ്യുന്നതിലൂടെ ക്യാമ്പസ് ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്ന കൂടുതൽ പേരുടെ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടൽ.

അതേസമയം, കോഴിക്കോട് കാരന്തൂർ ലഹരി കേസിൽ അറസ്റ്റിലായ ടാൻസാനിയൻ സ്വദേശികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ച മലയാളികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കുന്നു. അക്കൗണ്ട് ഉടമകളെ കണ്ടെത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ലഹരി ഇടപാടിനു വേണ്ടിയാണു പണം അയച്ചതെന്ന നിഗമനത്തിലാണ് പൊലീസ് നടപടി.

റിമാന്‍ഡിലായ ടാൻസാനിയൻ സ്വദേശികൾക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ഇവരെ വിശദമായി ചോദ്യം ചെയ്താൽ കേരളത്തിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന പ്രധാന കണ്ണികളെ കുറിച്ച് വിവരം കിട്ടുമെന്നാണ് പൊലീസ് പറയുന്നത്.