മലപ്പുറം: തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവത്തിൽ ഡോക്ടര്‍ക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ഡിഎംഒ റിപ്പോര്‍ട്ട് കൈമാറിയത്. ആശുപത്രി സുപ്രണ്ടും ആര്‍എംഒയും ഡോക്ടറും നല്‍കിയ വിശദീകരണത്തിലും സിസിടിവി പരിശോധിച്ചിതിലും വീഴ്ച്ച കണ്ടെത്തിയിരുന്നു. ഓട്ടോ മറിഞ്ഞ് കാലിന് പരിക്കേറ്റ യുവതിക്കാണ് ചികിത്സ നിഷേധിച്ചത്. ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ഫെബ്രുവരി 28 നാണ് സംഭവം നടക്കുന്നത്. തിരൂരങ്ങാടിയിലെ സമീപത്തെ ക്ഷേത്രത്തില്‍ നൃത്തപരിപാടിക്കെത്തിയവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയാണ് മറിഞ്ഞത്.ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഓട്ടോറിക്ഷ കാലിന് മുകളിലേക്ക് വീണ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. വേദന കൊണ്ട് പുളഞ്ഞ ഇവരെ ക്വാഷാലിറ്റിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ പരിശോധിക്കാന്‍ എത്തിയില്ല. കൂടെയുണ്ടായിരുന്നവര്‍ നിരവധി തവണ ഡോക്ടറോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. ഫോണില്‍ മണിക്കൂറോളം സംസാരിക്കുകയായിരുന്നെന്നും തന്നെ വന്നു നോക്കാന്‍പോലും മുതിര്‍ന്നില്ലെന്നും യുവതി പറയുന്നു. തുടര്‍ന്ന് രോഗിയുടെ കൂടെയുണ്ടായിരുന്നവര്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് ചികിത്സ തേടിയത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഇതുപോലെയുള്ള നിരവധി സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് നടപടി സ്വീകരിക്കാനായിരുന്നു നിർദേശം. വിഷയത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ നേരത്തെ മലപ്പുറം ഡിഎംഒയോട് വിശദീകരണം തേടിയിരുന്നു.