Kerala

മെഡിക്കൽ കോളേജിൽ നിന്ന് പരിശോധനയ്ക്ക് അയച്ച ശരീരഭാഗങ്ങൾ എടുത്തു കൊണ്ട് പോയ ആക്രി കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്ന് പരിശോധനയ്ക്ക് അയച്ച ശരീരഭാഗങ്ങളുടെ സാംപിളുകള്‍ എടുത്തു കൊണ്ട് പോയ കേസിൽ ആക്രി കച്ചവടക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സൂപ്രണ്ടിന്‍റെ പരാതിയിലാണ് യുപി സ്വദേശി ഈശ്വർ ചന്ദിന്റെ (25) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ തന്നെ ഒരു സംഘം ആൾക്കാർ മർദ്ദിച്ചുവെന്ന് ഈശ്വർ ചന്ദ് മൊഴി നൽകിയിരുന്നു. സ്പെസിമെനുകള്‍ കണ്ടെത്തിയതിന് പിന്നാലെ മെഡിക്കല്‍ കോളജ് ജീവനക്കാരാണ് ഇയാളെ മര്‍ദിച്ചത്.

മർദ്ദനമേറ്റതിനാൽ പൊലീസ് ആദ്യം ഈശ്വറിനെ കസ്റ്റഡിയിലെടുത്തിരുന്നില്ല. വാർത്ത പുറത്തുവന്ന ശേഷം വൈദ്യപരിശോധനക്കും ശേഷമാണ് കസ്‌റ്റഡിയിലെടുത്തത്. ശരീരഭാഗങ്ങൾ എവിടെ ഉപേക്ഷിച്ചുവെന്നറിയാൻ മെഡിക്കൽ ജീവനക്കാരാണ് മർദ്ദിച്ചത്. എന്നാൽ ഇവർക്കെതിരെ ഇതുവരെ പൊലീസ് നടപടിയുണ്ടായിട്ടില്ല. സാംപിളുകള്‍ അശ്രദ്ധയോടെ കൈകൈര്യം ചെയ്ത ജീവനക്കാരനെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. അറ്റന്‍ഡര്‍മാര്‍ അലക്ഷ്യമായി വച്ച പെട്ടി, ആക്രിയാണെന്ന് കരുതിയാണ് ഇതരസംസ്ഥാന തൊഴിലാളി എടുത്തുകൊണ്ടുപോയത്. ഇക്കാര്യത്തില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയിലും കൂടുതല്‍ അന്വേഷണം വന്നേക്കും.