ഒന്നോ അതിലധികമോ പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ ദിവസവും കുടിക്കുന്നത് ഓറൽ ക്യാവിറ്റി കാൻസർ സ്ത്രീകള്‍ക്ക് വരാനുള്ള സാധ്യത 4.87 മടങ്ങ് വര്‍ധിപ്പിക്കുമെന്ന് പഠനം.
വാഷിങ്ടണ്‍ സര്‍വകലാശാല ഗവേഷകരുടെതാണ് കണ്ടെത്തല്‍. ഓറല്‍ കാന്‍സര്‍ അത്ര സാധാരണമല്ലെങ്കിലും പുകയില ഉപയോഗമായിരുന്നു കാന്‍സറിന്‍റെ പ്രധാന കാരണമായി വിലയിരുത്തിയിരുന്നത്.
എന്നാല്‍ സമീപകാലത്തായി പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത ചെറുപ്പക്കാരായ സ്ത്രീകള്‍ക്കിടയിലെ ഓറല്‍ കാന്‍സറുകളുടെ നിരക്ക് വര്‍ധിച്ചുവരുന്നത് ആശങ്കജനകമാണെന്നും ജെഎഎംഎ ഓട്ടോളറിംഗോളജി-ഹെഡ് ആന്റ് നെക്ക് സര്‍ജറിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ചായയിലും കാപ്പിയിലും സോഡയിലുമൊക്കെയായി ദിവസവും വലിയൊരു അളവില്‍ പഞ്ചസാര നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ ഇതിന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ പലപ്പോഴും നമ്മള്‍ കാര്യമാക്കാറില്ല. 1976 മുതല്‍ സ്ത്രീകള്‍ മധുരപാനീയങ്ങള്‍ കുടിക്കുന്ന കണക്ക് വിലയിരുത്തിയായിരുന്നു ഗവേഷണം.
പഞ്ചസാര അടങ്ങിയ മധുരപാനീയങ്ങള്‍ വന്‍കുടലിലെയും ദഹനനാളത്തിലെയും കാന്‍സറിന് കാരണമാകുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.
Content highlight: Oral cancer