ജീവിതത്തിൻറെ മധ്യകാലഘട്ടം അൽപം പ്രശ്നഭരിതമായ സമയമാണ്, പ്രത്യേകിച്ചും സ്ത്രീകൾക്ക്. ശരിക്കും ശരീരം കിതച്ചു തുടങ്ങുന്ന സമയം. ഈ സമയത്ത് സ്വന്തം ശാരീരിക, മാനസിക, വൈകാരിക ക്ഷേമത്തിനായി കുറച്ചധികം ശ്രദ്ധ സ്ത്രീകൾ സ്വയം നൽകേണ്ടതുണ്ട്.
എന്നാൽ പല കാരണങ്ങളാലും ഇത്തരത്തിൽ സ്വന്തം ആരോഗ്യം നോക്കാൻ പലർക്കും കഴിയുന്നില്ല എന്നതാണ് വാസ്തവം. കുടുംബം, കുട്ടികൾ, കരിയർ, സാമൂഹിക ജീവിതം, ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാമായി പലർക്കും ഇതിന് നേരം കിട്ടാറില്ല എന്നത് മറ്റൊരു കാരണം.
സ്ത്രീകൾ തങ്ങളുടെ ജീവിതത്തിൻറെ മധ്യകാലഘട്ടത്തിൽ വരുത്തുന്ന അഞ്ച് തെറ്റുകൾ ഒഴിവാക്കുന്നത് ആരോഗ്യകരമായ ജീവിതം നയിക്കാൻ പുതു തലമുറയെ സഹായിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം
സ്വയം പരിചരിക്കാൻ സമയമില്ലായ്മ
ചുറ്റുമുള്ളവരുടെ കാര്യത്തിൽ കുറച്ചധികം ശ്രദ്ധയും പരിചരണവും നൽകുന്നവരാണ് പൊതുവേ സ്ത്രീകൾ. എന്നാൽ ഈ ശ്രദ്ധ സ്വന്തം കാര്യത്തിലും കാണിക്കണം. മറ്റാർക്കും വേണ്ടിയല്ലാതെ അവനവന് വേണ്ടി എല്ലാ ദിവസും കുറച്ച് സമയം ഒഴിച്ചിടണം. ഇഷ്ടപ്പെട്ട പുസ്തകം വായിക്കാനോ, ഇഷ്ടപ്പെട്ട ഹോബികൾ പിന്തുടരാനോ യാത്ര ചെയ്യാനോ സുഹൃത്തുക്കളോട് സംസാരിക്കാനോ ഒക്കെ ഈ സമയം വിനിയോഗിക്കാം. ശാരീരികമായും മാനസികമായും സ്വയം റീചാർജ് ചെയ്യാൻ ഇത്തരത്തിൽ ഒഴിച്ചിടുന്ന സമയം സ്ത്രീകളെ സഹായിക്കും.
ഹൃദയാരോഗ്യം അവഗണിക്കുന്നത്
ഓരു പ്രായം കഴിഞ്ഞാൽ സ്ത്രീകളും പുരുഷന്മാരുമെല്ലാം തങ്ങളുടെ ഹൃദയാരോഗ്യം ഇടയ്ക്കിടെ പരിശോധിച്ച് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. രക്തസമ്മർദം, ഗ്ലൂക്കോസ് തോത്, ബോഡി മാസ് ഇൻഡെക്സ്, കൊളസ്ട്രോൾ എന്നിവ ഇടയ്ക്ക് പരിശോധിക്കാനും മറക്കരുത്.
ആവശ്യത്തിന് വൈറ്റമിൻ ബി-12 ഇല്ലാത്ത അവസ്ഥ
പ്രായമാകുന്തോറും വയറിൽ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസങ്ങൾ കുറയും. ഇത് ശരീരത്തിന് ആവശ്യത്തിന് വൈറ്റമിൻ ബി-12 ലഭിക്കാത്ത സാഹചര്യമുണ്ടാക്കും. ശരീരം ആരോഗ്യത്തോടെ ഇരിക്കാനും നന്നായി പ്രവർത്തിക്കാനും വൈറ്റമിൻ ബി-12 ആവശ്യമായ തോതിൽ വേണ്ടതാണ്. മുട്ട, ഇറച്ചി, പാലുത്പന്നങ്ങൾ എന്നിവയെല്ലാം വൈറ്റമിൻ ബി12 അടങ്ങിയതാണ്.
മുടിയെ ഓർത്തുള്ള ആധി
പ്രായമാകുമ്പോൾ മുടി കൊഴിയുന്നതും നരയ്ക്കുന്നതും ഉള്ള് കുറയുന്നതുമെല്ലാം സ്വാഭാവികമാണ്. ഇത് അംഗീകരിക്കാൻ തയാറാകണം. ഉള്ള മുടി നല്ല സ്റ്റൈലിലും നിറത്തിലും കൊണ്ടു നടക്കുന്നത് മുടിയെ ഓർത്തുള്ള അനാവശ്യമായ ഉത്കണ്ഠ അകറ്റി ആത്മവിശ്വാസം നൽകും.
പ്രായത്തെ അംഗീകരിക്കാനുള്ള മടി
മധ്യവയസ്സിലെത്തുമ്പോൾ ജീവിതത്തിൻറെ പാതി ദൂരം നാം താണ്ടി കഴിഞ്ഞിരിക്കും. പ്രായമാകുന്നത് പ്രകൃതിദത്തമായ പ്രക്രിയയാണെന്നും അതിനെ തടയാൻ സാധിക്കില്ലെന്നും നാമെല്ലാം അംഗീകരിക്കണം. ഇത്തരത്തിൽ അംഗീകരിക്കാതിരിക്കുന്നത് മനസ്സമാധാനം മാത്രമല്ല കയ്യിലുള്ള പണവും കളയും. പ്രായമാകുമ്പോൾ ലഭിക്കുന്ന അനുഭവസമ്പത്ത്, അവനവനെ പറ്റിയുള്ള തിരിച്ചറിവ്, ആത്മവിശ്വാസം എന്നിവയെയെല്ലാം പോസിറ്റീവായി എടുത്ത് സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കണം.
content highlight: mistakes of middle-age-women