ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 9.341 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികൾ പിടിയിലായി. പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത്കുമാറിൻ്റെ നിർദ്ദേശ പ്രകാരം പാലക്കാട് ഹേമാംബിക നഗർ പൊലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മസദുൽ ഇസ്ലാം (38), റീന ബീബി (36) എന്നിവർ പിടിയിലായത്. ഒലവക്കോട് താണാവ് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം വെച്ചാണ് ദമ്പതികൾ പിടിയിലായത്.
പശ്ചിമബംഗാളിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. പ്രതികൾ ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പാലക്കാട് എഎസ്പി രജേഷ് കുമാർ, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ് ഇൻസ്‌പെക്ടർ എം ഉദയകുമാറിൻ്റെ നേതൃത്വത്തിലുള്ള ഹേമാംബിക നഗർ പൊലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആർപിഎഫും ചേർന്നാണ് ദൗത്യം നടത്തിയത്.