ചെന്നൈ: സംസ്ഥാന ബജറ്റ് ലോഗോയിൽ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കിയ വിഷയത്തിൽ ആദ്യപ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. ബജറ്റും ഹിറ്റ്, തമിഴും ഹിറ്റ് എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. തമിഴ് ഇഷ്ടമില്ലാത്തവർ ആണ് രൂപയുടെ ചിഹ്നം ഒഴിവാക്കിയത് പ്രശ്നമാക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. കേന്ദ്രവിഹിതം തരാത്ത ധനമന്ത്രി ആണ് തമിഴ്നാടിനെ വിമർശിക്കുന്നത്. നിർമല സീതാരാമൻ തന്നെ തമിഴിലെ ‘രൂ ‘ഉപയോഗിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു ഉങ്കളിൽ ഒരുവൻ പരിപാടിയിൽ ആണ് സ്റ്റാലിന്റെ പരാമർശം.
സംസ്ഥാന ബജറ്റ് ലോഗോ അവതരിപ്പിച്ചുള്ള പോസ്റ്റിലാണ് തമിഴ്നാട് മുഖ്യമന്ത്രി ദേവനാഗരി ലിപിയിലുള്ള രൂപ ചിഹ്നം ഒഴിവാക്കിയത്. പകരം തമിഴ് അക്ഷരമാലയിലെ രൂ ചേർത്താകും ബജറ്റ് രേഖ. 2010 ജൂലൈയിൽ ഔദ്യോഗിക രൂപ ചിഹ്നം രാജ്യത്ത് അംഗീകരിച്ച ശേഷം ഒരു സംസ്ഥാനം വ്യത്യസ്ത സമീപനം സ്വീകരിക്കുന്നത് ആദ്യമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ ബിജെപി ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിക്കുന്നെന്ന വാദം ശക്തമാക്കുന്നതിനിടെയാണ് സ്റ്റാലിന്റെ പുതിയ നീക്കം.
content highlight : first-reaction-on-the-incident-of-removing-the-rupee-symbol