കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ 13 കാരി തൃശ്ശൂരിൽ എത്തിയതായി വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ പതിനാലാം തീയതി തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻ്റിന് സമീപത്തെ ലോഡ്ജിൽ എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ റൂം നൽകിയില്ല. പിന്നീട് വാർത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരൻ സിസിടിവി ദൃശ്യം പോലീസിന് കൈമാറുകയായിരുന്നു. ബന്ധുവായ യുവാവിന് ഒപ്പം ആണ് പതിമൂന്നുകാരി ലോഡ്ജിൽ എത്തിയത്.
താമരശ്ശേരി പെരുമ്പള്ളി സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സ്കൂളിൽ പരീക്ഷക്കായി പോയതാണ്. പിന്നീട് കുട്ടി വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. പുതുപ്പാടി സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ബന്ധുവായ മറ്റൊരു യുവാവിനെയും അതേ ദിവസം കാണാതായിട്ടുണ്ട്. പുതുപ്പാടി ആച്ചി കോളനി സ്വദേശിയായ അജ്നാസിനെയാണ് (26) കാണാതായത്. ഈ യുവാവിനെതിരെ പെൺകുട്ടിയുടെ രക്ഷിതാക്കൾ നേരത്തെ പരാതി നൽകിയിരുന്നു.
content highlight : girl-missing-thamarassery-cctv-footage-out-of-reached-thrissur