തിരുവനന്തപുരം: മനുഷ്യരെന്ന നിലയിൽ അന്തസ്സ് ഉയർത്തിപ്പിടിച്ചു ജീവിക്കാൻ ട്രാൻസ് സമൂഹത്തിന് അവകാശമുണ്ടെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അനീതിയും വിവേചനവുമല്ല ട്രാൻസ് സമൂഹം ആഗ്രഹിക്കുന്നത്. അവരുടെ സുരക്ഷിതവും സുഗമവുമായ ജീവിതത്തിനു വേണ്ടി നിരവധി പദ്ധതികൾ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ അവരുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ ഫെസ്റ്റിന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
‘അനവധി നിരവധിയായ ആന്തരിക, മാനസിക സംഘർഷങ്ങളിലൂടെയാണ് ട്രാൻസ് സമൂഹം കടന്നുപോകുന്നത്. സാമൂഹികമായി ഒറ്റപെട്ടു ജീവിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ സഹൂഹ്യനീതി വകുപ്പ് ഒപ്പമുണ്ടെന്ന് ഈ സന്ദർഭത്തിൽ ഓർമ്മിപ്പിക്കുകയാണ്. തനിച്ചല്ല നിങ്ങൾ, സഹൂഹ്യനീതി വകുപ്പ് ഒപ്പമുണ്ട് എന്ന ആശയമാണ് വകുപ്പ് ഉയർത്തിപിടിക്കുന്നത്,” ഡോ ബിന്ദു പറഞ്ഞു. ബൈനറീസിൽ അധിഷ്ടിതമായ നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുവാനും ട്രാൻസ് സമൂഹത്തിന്റെ ദൃശ്യതയും സ്വീകാര്യതയും ഉയർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് വർണ്ണപ്പകിട്ട് എന്ന പരിപാടി നടത്തപ്പെടുന്നത്.
വിദ്യാഭ്യാസത്തിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും വകുപ്പ് വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. സ്‌കൂളിൽ പഠിക്കുന്നവർക്ക് പ്രതിമാസം ആയിരം രൂപയും കോളേജിൽ പഠിക്കുന്നവർക്ക് പ്രതിമാസം രണ്ടായിരം രൂപയും വകുപ്പ് നൽകുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയക്കും സർക്കാർ പിന്തുണ നൽകുന്നുണ്ട്. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് ശസ്ത്രക്രിയക്കായി നൽകുന്നത്. തുടർ ചികിത്സ വേണ്ടവർക്ക് പ്രതിമാസം 3,000 രൂപ വരെയാണ് നൽകുന്നത്. മുഴുവൻ സമയം പ്രവർത്തിക്കുന്ന ഒരു ഹെൽപ് ലൈൻ പദ്ധതിയും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം വിശ്രമം ആവശ്യമുള്ളവർക്ക് അത് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും വകുപ്പ് ഏറ്റെടുക്കുന്നുണ്ട്. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും തുണയാകാൻ സാമൂഹ്യ നീതി വകുപ്പ് ഒപ്പമുണ്ട്. വിജയരാജമല്ലികയെപ്പോലെ സർഗാത്മക കഴിവുകളാൽ അനുഗ്രഹീതരായ ട്രാൻസ് സഹോദരങ്ങൾക്കായാണ് ‘അനന്യം’ കലാസംഘം രൂപീകൃതമായതെന്നും മന്ത്രി പറഞ്ഞു. വിവിധമേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ് വ്യക്തികളായ ജാൻവിൻ, ശ്രാവന്തിക, അനീന കബീർ, വിജയരാജമല്ലിക, ശീതൾ ശ്യാം എന്നിവരെ വേദിയിൽ അനുമോദിച്ചു. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ കലാഭിരുചിയും സർഗാത്മകതയും പരിപോഷിപ്പിക്കുന്നതിനായി തുടക്കംകുറിച്ച ‘അനന്യ’ത്തിന്റെ ആദ്യ അവതരണവും നിശാഗന്ധിയിൽ നടന്നു. അനന്യം കലാസംഘം അംഗങ്ങൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ വേദിയിൽ അരങ്ങേറി.
സാമൂഹ്യനീതി സ്‌പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സാമൂഹ്യനീതി ഡയറക്ടർ ഡോ. അരുൺ എസ് നായർ, ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ നേഹ ചെമ്പകശ്ശേരി, അർജുൻ ഗീത, സന്ധ്യ രാജേഷ്, ജലജ എസ് എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് മുൻപായി യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ആരംഭിച്ച ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് വിളംബരഘോഷയാത്രയിൽ നൂറുകണക്കിന് ട്രാൻസ്‌ജെൻഡർ വ്യക്തികൾ അണിനിരന്നു. ജാഥ ഉദ്ഘാടന വേദിയായ കനകക്കുന്നിൽ സമാപിച്ചു. നാളെ (മാർച്ച് 17) രാവിലെ 11 മണി മുതൽ വിവിധ ജില്ലകളിൽ നിന്നുമുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ വർണപ്പകിട്ടിന്റെ വേദിയായ കനകക്കുന്നിൽ അരങ്ങേറും.
content highlight : varnapakittu-transgender-fest-2025-gets-off-to-a-colourful-start