Kerala

കോഴിക്കോട് ഓടയിൽ വീണ് കാണാതായ ആളെ കണ്ടെത്താനായില്ല, തിരച്ചിൽ ഇന്നും തുടരും

കോഴിക്കോട്: കോവൂരില്‍ ഇന്നലെ രാത്രി കവിഞ്ഞൊഴുകിയ ഓടയില്‍ വീണ് കാണാതായ ആള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കും. ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

ശക്തമായ മഴയായതിനാല്‍ ഓവുചാലില്‍ വെള്ളം കുത്തിയൊലിക്കുന്ന നിലയിലായിരുന്നു. ആദ്യം നാട്ടുകാരും പിന്നീട് ബീച്ചില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റും ഓടയില്‍ രണ്ടരക്കിലോമീറ്ററോളം ദൂരം തിരച്ചില്‍ നടത്തിയിട്ടും ശശിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുലർച്ചെ രണ്ടുമണിവരെ തെരച്ചില്‍ നടത്തിയിരുന്നു. കോവൂര്‍ മെഡിക്കല്‍ കോളേജ്, ചേവരമ്പലം തുടങ്ങിയ പ്രദേശത്തെ വെള്ളം ഈ ഓടയിലൂടെ മാമ്പുഴയിലേക്കാണ് ചേരുന്നത്.