തിരുവനന്തപുരം: കട്ടിലിൽ നിന്നു വീണാണു തലയ്ക്കു പരുക്കേറ്റതെന്ന മൊഴിയിലുറച്ച് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ അമ്മ ഷെമി. വെഞ്ഞാറമൂട് എസ്എച്ച്ഒ: ആർ.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ ഇന്നലെ ഷെമിയുടെ മൊഴിയെടുത്തു. ഷെമിയെ പാർപ്പിച്ചിരിക്കുന്ന പ്രത്യേക സംരക്ഷണ കേന്ദ്രത്തിലെത്തിയ പൊലീസ് ഷെമിയോട് തലയ്ക്കു പരുക്കേറ്റത് എങ്ങനെയെന്നു ചോദിച്ചു. കട്ടിലിൽനിന്നു വീണാണു പരുക്കേറ്റതെന്ന് ഷെമി അറിയിച്ചു. കട്ടിലിൽ നിന്നു വീണാൽ ഇത്രയും വലിയ പരുക്കേൽക്കില്ലല്ലോ എന്ന ചോദ്യത്തിന്, ആദ്യം വീണതിനു ശേഷം എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണു പരുക്കേറ്റുവെന്ന് ഷെമി മറുപടി നൽകിയതായാണു വിവരം.
സംഭവദിവസം രാവിലെ നടന്ന കാര്യങ്ങൾ ഓർക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ വിഷയം മാറ്റിയ ഷെമി വിശക്കുന്നു, ശരീരം തളരുന്നു എന്നെല്ലാം പറഞ്ഞു. കടബാധ്യതയുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ഷെമിയുടെ ഡയറിയിലെ വിവരങ്ങൾ സംബന്ധിച്ചും ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഒരു മണിക്കൂർ ഷെമിയുമായി സംസാരിച്ചെങ്കിലും മൊഴി രേഖപ്പെടുത്തൽ പൂർത്തിയാക്കാതെയാണു പൊലീസ് മടങ്ങിയത്.
കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഷെമിയുടെ ആരോഗ്യനില ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നാണു പൊലീസിന്റെ വിലയിരുത്തൽ. കേസിലെ മൂന്നാംഘട്ട തെളിവെടുപ്പിനായി പ്രതി അഫാനെ ഇന്നു വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. രാവിലെ 11ന് നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.