Kerala

ഇടുക്കി വണ്ടിപ്പെരിയറിനു സമീപം കടുവ ഇറങ്ങി; വളർത്തുമൃഗങ്ങളെ കൊന്നു; വനംവകുപ്പ് സംഘം സ്ഥലത്തെത്തി

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയറിന് സമീപം അരണക്കല്ലിൽ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നു. പ്രദേശവാസികളായ നാരായണൻ ബാല മുരുകൻ എന്നിവരുടെ വളർത്തു മൃഗങ്ങളെയാണ് കൊന്നത്. വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി. കഴിഞ്ഞ ദിവസം സമീപത്തുള്ള ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണെന്നാണ് വിവരം. കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്.

കടുവയെ മയക്കുവെച്ച് പിടികൂടാൻ വനംവകുപ്പ് തീരുമാനിച്ചിരുന്നു. കടുവയെ കണ്ടെത്താനാകാതെ വന്നതോടെ ഇന്നലത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് ദൗത്യം പുനഃരാരംഭിക്കും. രാവിലെ മുതൽ സ്നിഫർ ഡോഗിനെ എത്തിച്ച് തെരച്ചിൽ നടത്തിയിട്ടും ജനവാസ മേഖലയോട് രണ്ട് കിലോമീറ്റർ ചുറ്റളവിൽ കടവയെ കണ്ടെത്താൻ കഴിഞ്ഞില്ലായിരുന്നു.

ഹില്ലാഷ്, അരണക്കൽ മേഖലയിലേക്ക് കടുവ നീങ്ങിയതായി ദൗത്യ സംഘം കണ്ടെത്തിയതിനെ തുടർന്ന് ഇവിടങ്ങളിൽ രണ്ട് കൂടുകൾ കൂടി സ്ഥാപിക്കാൻ വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും കടുവ ജനവാസമേഖലയിൽ ഇറങ്ങി വളർത്തുമൃ​ഗങ്ങളെ കൊന്നത്. ജനവാസ മേഖലയിൽ സുരക്ഷ ഉറപ്പാക്കുമെന്നും പരീക്ഷ നടക്കുന്ന സ്കൂളിനും സുരക്ഷ നൽകുമെന്നും വനം വകുപ്പ് വ്യക്തമാക്കിയിരുന്നു.