Sports

മുൻ ഇന്ത്യൻ ബാസ്‌കറ്റ്ബാൾ ക്യാപ്റ്റൻ സ്മൃതി രാധാകൃഷ്ണന് ഫിബ കോച്ചിനുള്ള അർഹത

തിരുവനന്തപുരം: മുൻ ഇന്ത്യൻ ബാസ്കറ്റ്ബാൾ ക്യാപ്റ്റനും റെയിൽവേ താരവുമായ സ്മൃതി രാധാകൃഷ്ണന് ലോക ബാസ്‌കറ്റ്ബാൾ സംഘടനയായ ഫിബയുടെ ബാസ്കറ്റ്ബാൾ കോച്ച് ലെവൽ വൺ പരീക്ഷയിൽ വിജയം. സ്മൃതി ഉൾപ്പെടെ മൂന്നു മലയാളി താരങ്ങൾക്ക് കോച്ചാകാനുള്ള അർഹത ലഭിച്ചു. ഗീതു അന്ന രാഹുൽ, വിപിൻ കണ്ണൻ എന്നിവരാണ് അർഹത നേടിയ മറ്റു മലയാളികൾ.

നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള സ്‌മൃതി കോഴിക്കോട് വടകര പുറമേരി സ്വദേശിയാണ്. 2010ൽ ചൈനയിൽ നടന്ന എഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിലംഗമായിരുന്ന സ്‌മൃതി 2014 ൽ കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന എഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു. എഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്യാപ്റ്റനാകുന്ന ആദ്യത്തെ പ്രായംകുറഞ്ഞ താരമായിരുന്നു സ്‌മൃതി.

2014ൽ തായ്‌ലന്റിൽ നടന്ന എഷ്യ അ 18 കപ്പ്, 2015ൽ ചൈനയിലെ വുഹാനിൽ നടന്ന ഫിബ എഷ്യൻ ചാമ്പ്യൻഷിപ്പ്, 2008ൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന എഷ്യൻ ബീച്ച് ഗെയിംസ്, 2013ൽ തായ്‌ലിലെ ബാങ്കോക്കിൽ നടന്ന എഷ്യ ചാമ്പ്യൻഷിപ്പ്, 2014ൽ ഗോവയിൽ നടന്ന ലുസോഫാനിയ ഗെയിംസ് (വെങ്കലമെഡൽ ലഭിച്ചു), 2012ൽ തയ്വാനിൽ നടന്ന വില്യംജോൺസ് കപ്പ് എന്നിവയിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ അംഗമായിരുന്നു സ്മൃതി.

2007ൽ റഷ്യയിലെ റിപ്പബ്ലിക് ഓഫ് സാഖയിൽ നടന്ന നാലാമത് എഷ്യ ഇൻ്റർനാഷണൽ സ്പോർട്സ് ഗെയിംസിൽ സ്വർണമെഡലോടെയാണ് സ്‌മൃതിയുടെ അന്താരാഷ്ട്ര രംഗത്തെ നേട്ടങ്ങളുടെ തുടക്കം. 2014ൽ കേരളത്തിൽ നടന്ന മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിൽ കേരളത്തിന് സ്വർണമെഡൽ നേടിത്തന്ന കേരള ടീമിലെ അംഗമായിരുന്നു സ്മൃതി. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു കേരളം ബാസ്ക‌റ്റ്ബാൾ കിരീടം നേടുന്നത്.

സതേൺ റെയിൽവേ എറണാകുളം ഓഫീസ് സുപ്രണ്ടായി ജോലി നോക്കുന്ന സ്മൃതി രാധാകൃഷ്ണൻ മറൈൻ ഡ്രൈവ് പുർവ ഗ്രാൻഡ്‌ബേയിലാണ് താമസം. ഇൻഡിഗോ എയർലൈൻസ് (കൊച്ചി) പൈലറ്റ് മിഥിൻ എച്ച്.എസ് ആണ് ഭർത്താവ്. വിഹാൻ മിഥിൻ മകനാണ്.