മഹാകുംഭമേളയില്‍ മഹാമണ്ഡലേശ്വരായി അഭിഷിക്തനായ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന് തിരുവനന്തപുരത്തെ പൗരാവലിയുടെ ആദരം മാര്‍ച്ച് 21 ന് വൈകുന്നേരം 5 മണിക്ക് കോട്ടയ്ക്കകം ലെവീ ഹാളില്‍ സ്വീകരണം. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെയും, തലസ്ഥാനത്തെ മുതിര്‍ന്ന സന്യാസി ശ്രേഷ്ഠന്‍ മാരുടെയും സാന്നിദ്ധ്യത്തിലാവും ചടങ്ങുകള്‍ നടക്കുക.
ഭാരതത്തിലെ ഏറ്റവും പ്രാചീനവും വലുതുമായ നാഗ സന്ന്യാസി സമൂഹമായ ശ്രീ പംച് ദശനാം ജൂനാ അഖാഡയുടെ മഹാ മണ്ഡലേശ്വറായി സ്വാമി ആനന്ദവനം ഭാരതിയെ പ്രയാഗ്രാജ് കുംഭമേളയില്‍ വെച്ച് ജനുവരി 27 നാണ് അഭിഷേകം ചെയ്യപ്പെട്ടത്. അഖാഡയുടെ സഭാപതി ശ്രീ മഹന്ത് പ്രേംഗിരിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദഗിരിയാണ് അഭിഷേകച്ചടങ്ങുകള്‍ നിര്‍വഹിച്ചത്.
അന്‍പത് വര്‍ഷം മുന്‍പ് സ്വാമി കാശികാനന്ദഗിരി മഹരാജ് അടക്കമുള്ള മൂന്നു മലയാളികള്‍ നിരഞ്ജിനി അഖാഡയുടെ മഹാ മണ്ഡലേശ്വര്‍ പദവിയില്‍ എത്തിയിരുന്നു. അതിന് ശേഷം ഈ ബഹുമാന്യ പദവിയില്‍ എത്തുന്ന കേരളത്തില്‍നിന്നുള്ള ആദ്യ മഹാ മണ്ഡലേശ്വറാണ് തൃശ്ശൂര്‍ സ്വദേശിയായ സ്വാമി ആനന്ദവനം ഭാരതി. അഖാഡകള്‍ക്ക് ധാര്‍മ്മിക ഉപദേശം നല്‍കുകയാണ് മഹാമണ്ഡലേശ്വര്‍മാരുടെ കര്‍ത്തവ്യം.
ശ്രീ പംച് ദശനാം ജുനാ അഖാഡയുടെ സഭാപതി ഹേമന്ദ് മോഹന്‍ ഭാരതി മഹാരാജ്, കൂടാതെ, മഹന്ത് പരമേശ്വര ഭാരതി, മഹന്ത് അവന്തികാ ഭാരതി, മഹന്ത് ഓം ഭാരതി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.
പൂര്‍വ്വാശ്രമത്തില്‍ തൃശൂര്‍ സ്വദേശിയായ സാധു ആനന്ദവനം ഭാരതി മഹാരാജ് 2007 മുതല്‍ ജുന അഖാഡയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും, കേരള പ്രസ് അക്കാദമിയില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ ജേണലിസവും പാസായ ശേഷം ഒരു പ്രമുഖ മലയാള ദിനപത്രത്തില്‍ അദ്ദേഹം പത്രപ്രവര്‍ത്തകനായിരുന്നു.
മാര്‍ച്ച് 18ാം തീയതി കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തുന്ന അദ്ദേഹം അന്ന് രാവിലെ ശങ്കരാചാര്യരുടെ ജന്മഗേഹമായ കാലടി സന്ദര്‍ശിച്ചതിന് ശേഷം തൃശൂരിന് തിരിക്കും. 19-ാം തീയതി വൈകുന്നേരം 5 മണിക്ക് വടക്കുംനാഥ ക്ഷേത്രത്തിലുള്ള പരിപാടിയില്‍ അദ്ദേഹം സ്വീകരണം ഏറ്റുവാങ്ങുന്നതാണ്. അതിന് ശേഷമാണ് അദ്ദേഹം തലസ്ഥാനത്ത് എത്തുക.
ജൂനാ അഖാഡയുടെ കേരളത്തിലെ ശാഖയായ കാളികാപീഠാധിപതിയും സംസ്ഥാനത്തെ ആദ്യ ആശ്രമമായ കൊട്ടാരക്കര അവധൂതാശ്രമത്തിലെ ഉത്തരാധികാരിയുമാണ് സ്വാമി. കുംഭമേളയില്‍ 13 അംഗീകൃത അഖാഡകളാണുള്ളത്. ശങ്കരാചാര്യര്‍ സ്ഥാപിച്ച ഏഴ് ശൈവ അഖാഡകളിലായി ദശനാമി സന്യാസിമാര്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ജുന (ഭൈരവ്), നിരഞ്ജനി, അടല്‍, ആവാഹന്‍, ആനന്ദ്, അഗ്‌നി, മഹാനിര്‍വാണി എന്നിവയാണ് ഈ അഖാഡകള്‍ . ഇതില്‍ ജുന അഖാഡയാണ് ഏറ്റവും പുരാതനവും വലുതും.കുംഭമേളയില്‍ പ്രധാന പങ്ക് വഹിക്കുന്ന ജുന അഖാഡയുടെ ആസ്ഥാനം വാരണാസിയാണ്
കഴിഞ്ഞ മഹാ കുംഭമേളയില്‍ മലയാളികള്‍ക്കായി സ്വാമി ആനന്ദവനം ഭാരതിയുടെ നേതൃത്വത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഏകദേശം മൂന്നര ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ മലയാളികള്‍ ദിവ്യ സ്‌നാനം നടത്താന്‍ എത്തിയതായി കരുതപ്പെടുന്നു.
CONTENT HIGH LIGHTS; Mahamandaleshwar Swamy Anandavanam in Thiruvananthapuram on March 21: The ceremonies will be in the presence of Governor Rajendra Vishwanath Arlekar