Kerala

ആരോപണം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം; കൃഷ്ണകുമാറിന് വക്കീൽ നോട്ടീസയച്ച് സുരേഷ് ബാബു

പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമ്മാണ കമ്പനിയിൽ നിന്ന് സംഭാവന വാങ്ങിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിന് വക്കീൽ നോട്ടീസ്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവാണ് നോട്ടീസ് അയച്ചത്. ആരോപണം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിക്ക് രണ്ട് കോടി രൂപയും കോണ്‍ഗ്രസിന് ഒരു കോടി രൂപയും നല്‍കിയെന്നായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചത്. സിപിഐഎം മുൻ പുതുശ്ശേരി ഏരിയ സെക്രട്ടറിക്ക് ആഡംബര കാര്‍ നല്‍കി. തെളിവുകള്‍ ബിജെപിയുടെ കൈവശമുണ്ടെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. ഒയാസിസിന് വേണ്ടി പഞ്ചായത്തിന്റെ അധികാരത്തെ കവര്‍ന്നെടുക്കുന്നത് ഉള്‍പ്പെടെ കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്നും ബിജെപി അറിയിച്ചിരുന്നു.

ഒയാസിസ് കമ്പനിയിൽ നിന്നും സിപിഐഎം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ബിജെപി നേതാവ് സി കൃഷ്ണകുമാറിന്റെ മനോനില പരിശോധിക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു നേരത്തെ പ്രതികരിച്ചിരുന്നു. കോടികളുടെ വെട്ടിപ്പ് നടത്തുന്ന ബിജെപിയിലൂടെയാണ് സിപിഐഎമ്മിനെ കൃഷ്ണകുമാർ നോക്കി കാണുന്നത്.

കച്ചവട താത്പര്യം മാത്രമാണ് കൃഷ്ണകുമാറിനുള്ളതെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞിരുന്നു. ആരോപണങ്ങൾ അവജ്ഞയോടെ തള്ളി കളയുന്നുവെന്നും സിഐഎ വന്ന് അന്വേഷിച്ചാലും സിപിഐഎമ്മിന് ഭയമില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

Latest News