Automobile

മാനുവല്‍ ട്രാന്‍സ്മിഷനാണോ നിങ്ങളുടെ വാഹനം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.. | Manual transmission

സമ്പൂര്‍ണ നിയന്ത്രണമാണ് മാനുവല്‍ പ്രേമികളുടെ ആപ്തവാക്യം

മാനുവല്‍ ട്രാന്‍സ്മിഷനാണോ ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷനാണോ നല്ലത്?  അടുത്തകാലത്തായി ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള കൂടുതല്‍ മോഡലുകള്‍ എത്തിയതോടെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന് ജനപ്രീതി വര്‍ധിച്ചിട്ടുണ്ട്.  സമ്പൂര്‍ണ നിയന്ത്രണമാണ് മാനുവല്‍ പ്രേമികളുടെ ആപ്തവാക്യം. നിങ്ങള്‍ മാനുവല്‍ ട്രാന്‍സ്മിഷനുള്ള വാഹനം ഓടിക്കുന്നവരാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും…

കൈ സ്റ്റിയറിങ് വീലില്‍

എവിടെ കൈവെച്ചാണ് നിങ്ങള്‍ വാഹനം ഓടിക്കാറ്? സ്റ്റിയറിങ് വീലില്‍ എന്ന് സ്വാഭാവിക ഉത്തരം വരും. അപ്പോഴും ഒരു കൈ സ്റ്റിയറിങ് വീലിലും മറ്റേ കൈ രഗിയര്‍ ലിവറിലും വെച്ച് ഓടിക്കുന്നവരും കുറവല്ല. ഗിയര്‍ മാറ്റിയതിനു ശേഷവും ഇങ്ങനെ കൈ ഗിയര്‍ ലിവറില്‍ വെച്ച് ഓടിക്കുന്നത് അത്ര നല്ല ശീലമല്ല.  ഗിയര്‍ ലിവറിലെ അധികമായുള്ള ചെറിയ സമ്മര്‍ദം പോലും വാഹനത്തെ ബാധിക്കും. നിങ്ങളുടെ വാഹനത്തിന്റെ ഗിയര്‍ബോക്‌സ് തകരാറിലാക്കാന്‍ പോലും ഇതു കാരണമാവും. രണ്ടു കൈകളും സ്റ്റിയറിങില്‍ വെച്ചുകൊണ്ട് വാഹനം ഓടിച്ചു ശീലിക്കുന്നതാണ് ഉചിതം.

ക്ലച്ചിന് മുകളില്‍ കാലെന്തിന്?

ഗിയര്‍ ലിവറില്‍ കൈ വെക്കുന്നതുപോലുള്ള ദുഃശീലമാണ് ക്ലച്ചിന് മുകളില്‍ കാല്‍ വെച്ചുള്ള ഡ്രൈവിങ്. ഗിയര്‍ ഷിഫ്റ്റിങിനു ശേഷവും കാല്‍ ക്ലച്ചിനു മുകളില്‍ വെക്കുമ്പോള്‍ അറിയാതെയാണെങ്കിലും അധിക സമ്മര്‍ദം ക്ലച്ചിലുണ്ടാവും. ഇത് ക്ലച്ചിന്റെ തേയ്മാനം കൂട്ടും. അതിനൊപ്പം മറ്റൊരു വലിയ അപകട സാധ്യത കൂടി ഈ ശീലത്തിനു പിന്നില്‍ ഒളിച്ചിരിപ്പുണ്ട്. പെട്ടെന്ന് ബ്രൈക്ക് ചവിട്ടേണ്ടി വന്നാല്‍ ക്ലച്ചിന് മുകളില്‍ കാല്‍ വെച്ച് വാഹനം ഓടിക്കുന്നവര്‍ ബ്രേക്കിനു പകരം ക്ലച്ച് ചവിട്ടാനിടയുണ്ട്. ഇത് വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടമാവുന്നതിലേക്കും കൂടിയ അപകടത്തിലേക്കുമാണ് നയിക്കുക. അതുകൊണ്ട് ക്ലച്ചിന്റെ ഉപയോഗം കഴിഞ്ഞാല്‍ കാല്‍ താഴേക്ക് മാറ്റി വെക്കുകയാണ് വേണ്ടത്. ഓട്ടമാറ്റിക് വാഹനങ്ങളിലാണെങ്കില്‍ ക്ലച്ച് തന്നെയില്ലാത്തതിനാല്‍ ഇങ്ങനെയൊരു പ്രശ്‌നം വരുന്നുമില്ല.

ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കാനുള്ളതാണ്

വാഹനം നിര്‍ത്തിയിടുമ്പോള്‍ ഗിയറില്‍ ഇട്ടു പോവുന്നതാണ് പലരുടേയും ശീലം. വാഹനം മുന്നോട്ടോ പിന്നോട്ടോ നീങ്ങാതിരിക്കാനാണിത്. അപ്പോഴും ഹാന്‍ഡ് ബ്രേക്ക് കൂടി അപ്ലൈ ചെയ്യുന്നതാണ് നല്ലത്. നിരപ്പില്‍ ചെറിയ വ്യത്യാസമുണ്ടെങ്കില്‍ പോലും ഗിയറിന്റെ മാത്രം ബലത്തില്‍ വാഹനം പാര്‍ക്കു ചെയ്താല്‍ അത് ഗിയര്‍ ബോക്‌സിനു പോലും ദോഷം വരുത്തും.

ആര്‍പിഎം നോക്കണം

മാനുവല്‍ ഗിയര്‍ ബോക്‌സിന്റെ പ്രധാന ഗുണം എന്‍ജിന്റെ കരുത്തിലുള്ള പൂര്‍ണ നിയന്ത്രണം ഓടിക്കുന്നവര്‍ക്കാവുമെന്നതാണ്. നിങ്ങള്‍ക്കും വാഹനത്തിനുമിടയില്‍ നിയന്ത്രണങ്ങള്‍ വരുത്താന്‍ ഒരു ഇലക്ട്രോണിക് സംവിധാനങ്ങളുമുണ്ടാവില്ല. ഇത് സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ദോഷമായും മാറാനിടയുണ്ട്. ഉയര്‍ന്ന ആര്‍പിഎമ്മില്‍ ഗിയര്‍ മാറ്റുന്നത് എന്‍ജിനെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് മാനുവല്‍ ഗിയര്‍ ബോക്‌സ് ഉപയോഗിക്കുന്നവര്‍ ആര്‍പിഎം കുറച്ചിട്ടാണ് ഗിയര്‍ മാറ്റുന്നതെന്ന് ഉറപ്പിക്കുന്നത് നല്ലതാണ്.

content highlight: Manual transmission