Health

ചിയ സീഡ് വാട്ടര്‍ രാത്രിയില്‍ ശീലമാക്കു; ഗുണങ്ങള്‍ ഏറെ | Chia seed water

സ്മൂത്തികളിലും യോഗര്‍ട്ടിലും ചേര്‍ത്ത് പ്രഭാത ഭക്ഷണത്തിനൊപ്പമാണ് പലരും ചിയ സീഡ് കഴിക്കാറുള്ളത്

ഡയറ്റ് ഫോളോ ചെയ്യുന്ന ഫ്രീക്കന്മാരുടെ സൂപ്പര്‍ ഫുഡാണ് ചിയ സീഡ്. ഫൈബര്‍, ആന്റി ഓക്‌സിഡന്റ്‌സ്, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയാല്‍ സമ്പുഷ്ടമാണ് ഈ കുഞ്ഞന്‍ സീഡുകള്‍. സ്മൂത്തികളിലും യോഗര്‍ട്ടിലും ചേര്‍ത്ത് പ്രഭാത ഭക്ഷണത്തിനൊപ്പമാണ് പലരും ചിയ സീഡ് കഴിക്കാറുള്ളത്. എന്നാല്‍ പ്രഭാതത്തില്‍ കഴിക്കുന്നതിന് പകരം രാത്രിയില്‍ ചിയ സീഡ് വാട്ടര്‍ കഴിക്കുന്നത് കുറേക്കൂടി ഗുണകരമാണ്.

ദഹനം മെച്ചപ്പെടുത്തും
ദഹനം, ഹൈഡ്രേഷന്‍ എന്നിവയുള്‍പ്പെടെ ശരീരം മെച്ചപ്പെടുന്നതിനായി രാത്രിയില്‍ ചിയ സീഡ് ചേര്‍ത്ത വെള്ളം കുടിക്കുന്നത് സഹായിക്കും. നേരത്തേ പറഞ്ഞതുപോലെ ഫൈബര്‍ സമ്പുഷ്ടമാണ് ചിയ സീഡ്. ഇത് വെള്ളത്തില്‍ കുതിരുന്നതോടെ ജെല്‍ രൂപത്തിലേക്ക് മാറും. രാത്രിയില്‍ ഇത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും കുടല്‍ ആരോഗ്യത്തോടെയിരിക്കുന്നതിനും ബവല്‍ മൂവ്‌മെന്റുകള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. മലബന്ധം തടയുകയും വയര്‍വീര്‍ക്കുന്നത് ഇല്ലാതാക്കുകയും ചെയ്യും. രാവിലെ ഉറക്കമുണരുമ്പോള്‍ വയറിനകത്തുള്ള വീര്‍പ്പുമുട്ടലോടെ ഉണരേണ്ടി വരില്ല.

ഭാരം കുറയ്ക്കാം
ഭാരം കുറയ്ക്കാനും ചിയ സീഡ് പ്രധാന മാര്‍ഗമാണ്.കിടക്കുന്നതിന് മുന്‍പ് ചിയ സീഡ് ചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ല ശീലമാണ്. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ അര്‍ധരാത്രിയിലുള്ള വിശപ്പെല്ലാം ഒഴിവാക്കുന്നതിന് ഇത് സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതും തടയും. രക്തത്തിലെ പഞ്ചാസാരയുടെ അളവ് ക്രമീകരിക്കുന്നതിന് സഹായിക്കുന്നതിനൊപ്പം ശരീരഭാരം കാത്തുസൂക്ഷിക്കുന്നതിന് സഹായിക്കും.

ഉറക്കം പ്രദാനം ചെയ്യും
ചിയ സീഡില്‍ ട്രിപ്‌റ്റോഫന്‍ അടങ്ങിയിരിക്കുന്നു. ഒരുതരം അമിനോ ആസിഡാണ് ഇത്. സെറോടോണിന്‍, മെലാടോണിന്‍ എന്നിവ ഉല്പാദിപ്പിക്കാന്‍ ഇത് ശരീരത്തെ സഹായിക്കുന്നു. ഇവ രണ്ടും നല്ല ഉറക്കം പ്രദാനം ചെയ്യുന്നതാണ്. ഉറക്കക്കുറവ് അനുഭവിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഉറങ്ങും മുന്‍പ് ചിയ സീഡ് ചേര്‍ത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും മികച്ച ഉറക്കം പ്രദാനം ചെയ്യാനും സഹായിക്കും.

രാത്രിയിലും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തും
വെള്ളത്തില്‍ കുതിര്‍ക്കുന്ന ചിയ സീഡിന് അവയുടെ ഭാരത്തിന്റെ പത്തിരട്ടി വെള്ളം ആഗിരണം ചെയ്യാന്‍ സാധിക്കുന്നു. ഇത് അവയെ ജലാംശം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഉപാധിയാക്കി മാറ്റും. രാത്രിമുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ചിയ സീഡ് ചേര്‍ത്ത വെള്ളം രാത്രി കിടക്കും മുന്‍പ് കുടിക്കുന്നത് സഹായിക്കും. നിര്‍ജലീകരണം മൂലമുണ്ടാകുന്ന തലവേദനയോ, തളര്‍ച്ചയോ ഉറങ്ങി എണീക്കുമ്പോള്‍ ഉണ്ടാകില്ല. ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും. ചര്‍മം ഈര്‍പ്പവും തിളക്കവുമുള്ളതായി ഇത് നിലനിര്‍ത്തും. നിങ്ങള്‍ വിശ്രമിക്കുമ്പോഴെല്ലാം നിങ്ങളുടെ ശരീരം നവചൈതന്യം ആര്‍ജിക്കും.

മെറ്റബോളിസം ബൂസ്റ്റ് ചെയ്യും
ചിയ സീഡ്‌സില്‍ പ്രോട്ടീന്‍, ഒമേഗത്രീഎസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ അത് മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. അതിനാല്‍ രാത്രി ഇത് കഴിച്ചുകിടക്കുന്നത് പിറ്റേന്ന് ഊര്‍ജത്തോടെയും ഉന്മേഷത്തോടെയും ഉണരാന്‍ സഹായിക്കും.

നീര്‍വീക്കം കുറയ്ക്കും
ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞതാണ് ചിയ സീഡ്. ശരീരത്തിലെ അനാവശ്യമായ നീര്‍ക്കെട്ടുകള്‍ ഒഴിവാക്കാന്‍ ഒരുപരിധി വരെ ഇത് സഹായിക്കും. ജോയിന്റ് പെയിന്‍സ മസില്‍ വീക്കം, നീര്‍ക്കെട്ട് എന്നിവ ഉള്ളവരെ സംബന്ധിച്ചിടത്തോളം ചിയ സീഡ് ഒരു മാജിക് സീഡ് പോലെ പ്രവര്‍ത്തിക്കും. കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഇത് ഗുണകരമാണ്. ഉറങ്ങിക്കിടക്കുന്ന സമയത്ത് ശരീരത്തെ വിഷമുക്തമാക്കുന്നതിനും ചിയ സീഡ് രാത്രിയില്‍ കഴിക്കുന്നത് ഗുണം ചെയ്യും.

(ചിയ സീഡ് വാട്ടര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തും മുന്‍പ് ആരോഗ്യവിദഗ്‌രുടെ സഹായം തേടാന്‍ മറക്കരുത്)

content highlight: Chia seed water