കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കണം എന്ന ഉത്തരവിന്റെ മറവില്‍ നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയ ബീമാപള്ളി നഴ്‌സറി സ്‌കൂള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. നഴ്‌സറി സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന നാട്ടുകാരുടെ പരാതി പരിഗണിച്ച തിരുവനന്തപുരം ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിമായ എസ് ഷംനാദിന്റെ ഉത്തരവിന് തുടര്‍ന്നാണ് നഴ്‌സറി തുറന്ന് പ്രവര്‍ത്തിച്ചത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കണം എന്ന ഉത്തരവിന്റെ മറവില്‍ നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഠനം തന്നെ നിര്‍ത്തിവെച്ച തിരുവനന്തപുരം കോര്‍പ്പറേഷന്‍ തീരുമാനം കുട്ടികളുടെ അവകാശങ്ങളുടെ നിഷേധം ആണെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മാലിന്യ നിക്ഷേപവും ബീമാപള്ളി നഴ്‌സറി സ്‌കൂളിന് അടുത്ത് അതേ ബില്‍ഡിങ്ങില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡിന്റെ ഓഫീസും കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ആകാശവാണി കോമ്പൗണ്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും കുട്ടികളുടെ പഠനം സൗകര്യപ്രദമാക്കി നിശ്ചയിക്കുന്നതിനും ആയി ഉത്തരവുകള്‍ നല്‍കി. മാത്രവുമല്ല കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി മാലിന്യ നിക്ഷേപവും അതിന്റെ നിര്‍മാര്‍ജനവുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലേക്ക് ചുമതലപ്പെടുത്തിയിരുന്നു. എങ്കിലും ആ ഉത്തരവുകള്‍ നിലനില്‍ക്കെ തന്നെ ആറു വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം നിലച്ചു പോകുന്ന രീതിയില്‍ യാതൊരുവിധ ബദല്‍ സംവിധാനവും ഏര്‍പ്പെടുത്താതെ ബീമാപള്ളി നഴ്‌സറി സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. ആ നടപടിയെ ചോദ്യംചെയ്താണ് രക്ഷിതാക്കള്‍ സമിതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ സമീപിച്ചത്.
തുടര്‍ന്ന് 2025 മാര്‍ച്ച് 10 ന് കോര്‍പറേഷന്‍ നഴ്‌സറി സ്‌കൂളില്‍ നടത്തിയ ഹിയരങ്ങില്‍ ബീമാപള്ളി നഴ്‌സറി സ്‌കൂളിന്റെ പ്രവര്‍ത്തനം എത്രയും വേഗം തുടങ്ങണമെന്നും മാര്‍ച്ച് പതിനേഴാം തീയതി തന്നെ പുനര്‍ പ്രവര്‍ത്തനം നടത്തണമെന്നും തിരുവനന്തപുരം ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി ഉത്തരവിട്ടിട്ടു. ICDS സൂപ്പര്‍വൈസറോട് കുട്ടികള്‍ക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങള്‍, മറ്റ് അവശ്യ വസ്തുക്കള്‍ ഒരുക്കുന്നതിന് കുറിച്ചും തിരുവനന്തപുരം കോര്‍പറേഷന്‍ അധികൃതരുമായി സംവദിച്ച് അതിന്റെ രേഖ 2025 മാര്‍ച്ച് 22 ന് മുന്നേ കോര്‍പറേഷനും ജില്ലാ നിയമ സേവന അതോറിറ്റിക്കും നല്‍കാന്‍ നിര്‍ദേശിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പകരമായി കണ്ടെത്തിയ അക്ഷയ സെന്റര്‍ കെട്ടിടവും സീനിയര്‍ സിവില്‍ ജഡ്ജും DLSA സെക്രെട്ടറിയുമായ് എസ് ഷംനാദും, അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ശ്രീമതി ബീനാ പി ആനന്ദ് ,ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വക്കറ്റ് ഷാനിബ ബീഗം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. ആ കെട്ടിടം നഴ്‌സറിയുടെ പ്രവര്‍ത്തനത്തിന് അഭികാമ്യമല്ലെന്ന് മനസ്സിലാക്കിയതിനാല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന അതേ ബില്‍ഡിങ്ങില്‍ തന്നെ നഴ്‌സറി സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനും,
ആകാശവാണി കോമ്പൗണ്ടില്‍ ചുറ്റും മതിലിന് മുകളിലായി ഇരുമ്പ് കമ്പി കൊണ്ടുള്ള വേലി നിര്‍മ്മിക്കണമെന്നും, നിലവിലുള്ള സിസിടിവി ക്യാമറകളെ കൂടാതെ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നും അവയില്‍ ഒന്നോ രണ്ടോ ക്യാമറകള്‍ കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള ബീമാപള്ളി നഴ്‌സറി സ്‌കൂളിന്റെ മുകള്‍വശത്തായി സ്ഥാപിക്കണമെന്നും ആയത് ആകാശവാണി തന്നെ നിയന്ത്രിക്കേണ്ടതാണെന്ന് ഉത്തരവിട്ടിട്ടുണ്ട്.
നിലവില്‍ ബീമാപള്ളി നഴ്‌സറി സ്‌കൂള്‍ മത്സ്യഫെഡ് 2 റൂമുകള്‍ക്കിടയില്‍ സാന്‍വിച്ച് രീതിയിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അക്ഷയ സെന്റര്‍ ബില്‍ഡിംഗ് മത്സ്യഫെഡിന് അഭികാമ്യം ആണെന്നും ആ സ്ഥാപനം നിലവിലുള്ള സ്ഥലത്ത് നിന്നും അക്ഷയ സെന്റര്‍ കെട്ടിടത്തിലേക്ക് മാറ്റുകയാണെങ്കില്‍ നഴ്‌സറി സ്‌കൂളിന്റെ പ്രവര്‍ത്തനം ഏറ്റവും നന്നായി നടന്നു പോകുമെന്നും ആയതിലേക്കായി ഫിഷറീസ് വകുപ്പിന്റെ ഡയറക്ടറോട് ഇക്കാര്യത്തെക്കുറിച്ച് ഇന്‍സ്‌പെക്ഷന്‍ നടത്തി യഥാവിധി തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടു.
ബീമാപള്ളി മേഖലയില്‍ നിന്നാണ് കൂടുതല്‍ മാലിന്യങ്ങളും ആകാശവാണി കോമ്പൗണ്ടിലേക്കും നഴ്‌സറി സ്‌കൂളിന് സമീപത്തേക്ക് വലിച്ചെറിയുന്നത് എന്നും ആയതിന്റെ ഗുണദോഷങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ബീമാപള്ളി ജമാഅത്തിന്റെ നേതൃത്വത്തില്‍ ഒരു ബോധവല്‍ക്കരണ സെമിനാര്‍ 2025 ഏപ്രില്‍ 8 ന്ബീമാപള്ളി ഹാളില്‍ വച്ച് നടത്തേണ്ടതാണെന്നും ജമാഅത്തിലെ കുടുംബങ്ങളില്‍ നിന്ന് മുതിര്‍ന്ന ഏതെങ്കിലും ഒരു വ്യക്തി നിര്‍ബന്ധമായും പങ്കെടുത്തിരിക്കേണ്ടതാന്നും അറിയിച്ചു. ആ സെമിനാറില്‍ ജിലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കളക്ടര്‍, കോര്‍പ്പറേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിക്കും.
CONTENT HIGH LIGHTS; Beemapally Nursery School reopens: Children start studying; Beemapally rejoices over the rebirth of a school that could have been closed forever