2020 ഒക്ടോബര്‍ മുതല്‍ 2021 മാര്‍ച്ച് വരെ ക്ഷീരവികസന വകുപ്പിന്റെ കൈവശമുണ്ടായിരുന്ന കണ്ടിജന്റ് ഫണ്ട് ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം ചെലവഴിക്കാതെ സര്‍ക്കാരിലേക്ക് തിരിച്ചടച്ചുവെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.
നെയ്യാറ്റിന്‍കര മഞ്ചവിളാകം ക്ഷീരോദ്പാദക സംഘം അംഗമായ ക്ഷീരകര്‍ഷകന്‍ തന്റെ ഇന്‍ഷുറന്‍സില്ലാത്ത പശു ചത്തപ്പോള്‍ 15,000 രൂപയുടെ ധനസഹായം ലഭിച്ചില്ലെന്നാരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ആരോപണത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. പരാതിക്കാരന് അര്‍ഹതപ്പെട്ട ധനസഹായം എന്ന് വിതരണം ചെയ്യാന്‍ കഴിയുമെന്ന് ഡയറക്ടര്‍ വ്യക്തമാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ക്ഷീര വികസന ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പെരുങ്കടവിള ക്ഷീരവികസന യൂണിറ്റില്‍ നിന്നും 2020 സെപ്റ്റംബര്‍ വരെ പശു ചത്തവര്‍ക്ക് കണ്ടിജന്റ് സഹായം നല്‍കിയിട്ടുണ്ടെന്നും 2020 ഒക്ടോബര്‍ മുതല്‍ 2021 മാര്‍ച്ച് വരെ അപേക്ഷ നല്‍കിയ കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരന്റെ പശു ചത്തത് 2020-21 ലായതു കാരണമാണ് തന്‍വര്‍ഷത്തെ ഫണ്ടില്‍ നിന്നും ധനസഹായം നല്‍കാന്‍ കഴിയാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ചവിളാകം നടൂര്‍ കൊല്ല സ്വദേശി കെ. ഭാസ്‌കരന്‍ നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.