തിരുവനന്തപുരം: ആശാ വർക്കർമാർക്കു പിന്നാലെ, വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി വർക്കർമാരും ഹെൽപർമാരും സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിച്ചു. ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ നടത്തുന്ന സമരത്തെ തുടർന്ന് ഇന്നലെ അങ്കണവാടികളുടെ പ്രവർത്തനം പലയിടത്തും തടസ്സപ്പെട്ടു.
സ്ത്രീശക്തിയുടെ പ്രഹരത്താൽ സർക്കാർ നിലംപരിശാകുന്ന കാലം വിദൂരമല്ലെന്നു സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. അങ്കണവാടി, ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരങ്ങൾ സ്ത്രീശക്തിയുടെ പ്രതിഷേധമാണെന്നും സതീശൻ പറഞ്ഞു. ഫെഡറേഷൻ പ്രസിഡന്റ് അജയ് തറയിൽ അധ്യക്ഷത വഹിച്ചു. സമരത്തിനു മുന്നോടിയായി മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വിവിധ യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല.