ദുബൈ: ഗസ്സയിൽ വംശഹത്യ പുനരാരംഭിച്ച് ഇസ്രായേൽ. വെടിനിർത്തൽ അവസാനിപ്പിച്ച് ഗസ്സയിലുടനീളം ബോംബിട്ടു. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 130 കടന്നു. ഉറങ്ങിക്കിടന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയാണ് ഇസ്രായേല്‍ ബോംബിട്ടത്. ഇസ്രായേല്‍ ഏകപക്ഷീയമായി വെടിനിർത്തല്‍ അവസാനിപ്പിച്ചെന്ന് ഹമാസ് ആരോപിച്ചു.
അതിനിടെ അമേരിക്കയും യെമനിലെ ഹൂതികളും തമ്മിലെ ചെങ്കടൽ സംഘർഷം വ്യാപിക്കുന്നു. നിരവധി ഹൂതി നേതാക്കളെ വധിച്ചതായി പെന്‍റഗൺ അവകാശപ്പെട്ടു. കപ്പലുകൾക്കെതിരായ സൈനിക നടപടികൾ ഉപേക്ഷിക്കും വരെ ഹൂതി കേന്ദ്രങ്ങളിൽ ബോംബ് വർഷം തുടരുമെന്ന് പെന്‍റഗൺ മുന്നറിയിപ്പ് നൽകി. കരയുദ്ധം കൂടാതെ തന്നെ ഹൂതികളെ അമർച്ച ചെയ്യാൻ കഴിയുമെന്നും പെൻറഗൺ നേതൃത്വം പ്രതികരിച്ചു. യു.എസ് ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഹൂതികളുടെ നേതാവ് അബ്ദുൽ മാലിക് അൽ ഹൂതിയും മുന്നറിയിപ്പ് നൽകി.
യു.എസിന്റെ ചരക്ക് കപ്പലുകളെയും യുദ്ധക്കപ്പലുകളെയും വിമാനവാഹിനികളെയും ലക്ഷ്യമിട്ടയിരിക്കും തിരിച്ചടി. വിമാനവാഹിനിയായ യു.എസ്.എസ് ഹാരി എസ്. ട്രൂമാൻ 1300 കിലോമീറ്റർ അകലേക്ക് അമേരിക്ക മാറ്റിയതായി ഹൂതികൾ അവകാശപ്പെട്ടു. ട്രൂമാനു നേരെ കഴിഞ്ഞ ദിവസം മിസൈലുകളും ഡ്രോണും ഉപയോഗിച്ച് ഹൂതി വിമതർ ആക്രമണം നടത്തിയിരുന്നു. യു.എസ് ആക്രമണത്തിൽ യമനിൽ മരിച്ചവരുടെ എണ്ണം 53 ആയതായി ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടും. 100ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സൻആയിലും സഅദായിലുമാണ് പ്രധാനമായും ആക്രമണം നടന്നത്. ആക്രമണം യമൻ ജനതയുടെ ജീവിത സാഹചര്യം കൂടുതൽ ദുരിതപൂർണമാക്കുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് മുന്നറിയിപ്പ് നൽകി. രണ്ടാഴ്ചയിലേറെയായി തുടരുന്ന ഉപരോധം ഗസ്സയിലെ കുട്ടികളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കിയതായി യുനിസെഫ് അറിയിച്ചു. ഗസ്സയിലെ ബുറൈജ് ക്യാമ്പിനു സമീപം ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 3 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇന്‍റലിജൻസ് വിഭാഗമായ ഷിൻ ബെത് മേധാവി റോണർ ബാറിനെ പുറന്തള്ളാനുള്ള പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ നീക്കത്തിനെതിരെ നാളെ മുതൽ വ്യാപക പ്രക്ഷോഭം ആരംഭിക്കാൻ ഇസ്രായേലിലെ വിവിധ കൂട്ടായ്മകൾ തീരുമാനിച്ചു.