ന്യൂഡൽഹി: രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയെ സംസാരിക്കാൻ അനുവദിക്കാത്തതിലും അടിയന്തരപ്രമേയ നോട്ടിസുകൾ തുടർച്ചയായി തള്ളുന്നതിലും ഇന്ത്യാസഖ്യ എംപിമാർ സഭാധ്യക്ഷൻ ജഗ്ദീപ് ധൻകർക്കു നേരിട്ടു പരാതി നൽകി. വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡ്, കേരളത്തിലെ ലഹരിമരുന്നു വ്യാപനം തുടങ്ങിയ വിഷയങ്ങളിലെ നോട്ടിസുകളാണ് ഇന്നലെ തള്ളിയത്. ഇതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു. നെഞ്ചുവേദനയെത്തുടർന്ന് ഈ മാസം 9 മുതൽ 12 വരെ ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന ധൻകർ ഇന്നലെയാണ് വീണ്ടും സഭയിലെത്തിയത്.