സിനിമാപ്രേമികൾക്കിടയിൽ എമ്പുരാനായുള്ള ആവേശം ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. റിലീസ് അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നതോടെ സിനിമയുടെ ഹൈപ്പും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്.
ഇതുവരെ മലയാള സിനിമ കാണാത്ത രീതിയിലുള്ള പ്രമോഷൻ പരിപാടികളാണ് എമ്പുരാന്റേതായി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ അമേരിക്കൻ നടനും സംഗീതജ്ഞനുമായ അലക്സാണ്ടർ ലിയോനാർഡ് ഒ’നെല്‍ എത്തിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. മുംബൈയിൽ നിന്നുള്ള ഇദ്ദേഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധനേടുന്നത്.
മാർച്ച് 27 ന് റിലീസാകുന്ന സിനിമയ്ക്ക് ആശംസകൾ അറിയിച്ച അലക്സ് ഒ’നെല്‍ സിനിമ കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്. എമ്പുരാനില്‍ റോബര്‍ട്ട് മക്കാര്‍ത്തി എന്ന കഥാപാത്രമായാണ് അലക്സ് ഒ’നെല്‍ എത്തുന്നത്. സിനിമയുടെ ആദ്യ ഭാഗമായ ലൂസിഫറിൽ സ്ക്രീനിൽ ആദ്യം കാണുന്ന മുഖവും ഖുറേഷി അബ്രാം എന്ന പേര് ആദ്യം കേൾക്കുന്നതും അലക്സ് ഒ’നെല്‍ അവതരിപ്പിക്കുന്ന റോബര്‍ട്ട് മക്കാര്‍ത്തി എന്ന കഥാപാത്രത്തിൽ നിന്നാണ്.
ഏ വതന്‍ മേരെ വതന്‍, ഖുഫിയ, ഗൊലോണ്ടാജ്, റൂഹി, ആര്യ, മെയ്ന്‍ ഔര്‍ ചാള്‍സ്, ചീനി കം, മദ്രാസ് പട്ടണം, ജോക്കര്‍, യെതി ഒഭിജാ, ചിറ്റഗോംഗ് തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് അദ്ദേഹം. പൃഥ്വിരാജ് സുകുമാരന്‍ നായകനായി 2012ല്‍ പുറത്തിറങ്ങിയ ഉറുമി ആയിരുന്നു അലക്സ് ഒ’നെലിന്റെ ആദ്യ മലയാള ചിത്രം. വാസ്‌കോ ഡ ഗാമയുടെ ചെറുപ്പമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. പിന്നീട് മമ്മൂട്ടി നായകനായി 2014ല്‍ എത്തിയ ഗ്യാങ്സ്റ്റര്‍, മംഗ്ലീഷ് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
content highlight: Alex ONel