ന്യൂസിലന്‍ഡിനെതിരെ തുടരെ രണ്ടാം ടി20യിലും പാകിസ്ഥാന് ദയനീയ തോല്‍വി. മഴയെ തുടര്‍ന്നു 15 ഓവറാക്കി ചുരുക്കിയ പോരാട്ടത്തില്‍ 5 വിക്കറ്റിന്റെ ജയമാണ് കിവികള്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 15 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. ന്യൂസിലന്‍ഡ് 13.1 ഓവറില്‍ 5 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 137 റണ്‍സ് കണ്ടെത്തിയാണ് ജയം പിടിച്ചത്.
ന്യൂസിലന്‍ഡിനായി ടിം സീഫെര്‍ട് 5 സിക്‌സും 3 ഫോറും സഹിതം 22 പന്തില്‍ 45 റണ്‍സെടുത്തു. സഹ ഓപ്പണര്‍ ഫിന്‍ അലനും തിളങ്ങി. താരവും 5 സിക്‌സുകള്‍ തൂക്കി. 16 പന്തില്‍ താരം 38 റണ്‍സ് കണ്ടെത്തി. ഇരുവരും ചേര്‍ന്നു 4.4 ഓവറില്‍ 66 റണ്‍സ് ഓപ്പണിങ് വിക്കറ്റില്‍ ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.
മിച്ചല്‍ ഹയ് ആണ് തിളങ്ങിയ മറ്റൊരാള്‍. താരം 16 പന്തില്‍ 21 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഡാരില്‍ മിച്ചല്‍ 14 റണ്‍സെടുത്തു രണ്ടക്കം കടന്നു. പാക് നിരയില്‍ ക്യാപ്റ്റന്‍ ആഘ സല്‍മാനാണ് ടോപ് സ്‌കോറര്‍. താരം 28 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 46 റണ്‍സ് കണ്ടെത്തി. ഷദബ് ഖാന്‍ 2 വീതം സിക്‌സും ഫോറും സഹിതം 14 പന്തില്‍ 26 റണ്‍സെടുത്തു. വാലറ്റത്ത് പുറത്താകാതെ 14 പന്തില്‍ 22 റണ്‍സ് വാരിയ ഷഹീന്‍ ഷ അഫ്രീദിയാണ് സ്‌കോര്‍ 130 കടത്തിയത്.
കിവികള്‍ക്കായി ജേക്കബ് ഡഫി, ബെന്‍ സീര്‍സ്, ജെയിംസ് നീഷം, ഇഷ് സോധി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു ജയം പോലുമില്ലാതെ നാണംകെട്ട പാകിസ്ഥാന്‍ പിന്നാലെ ടീമില്‍ വന്‍ അഴിച്ചു പണി നടത്തിയാണ് ന്യൂസിലന്‍ഡ് പര്യടനത്തിനു എത്തിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ അവര്‍ 91 റണ്‍സിനു ഓള്‍ ഔട്ടായി നാണംകെട്ടിരുന്നു. പിന്നാലെയാണ് രണ്ടാം പോരിലെ പരാജയം.
content highlight: T20 paksitan