തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഡിസിപിക്ക് ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കളക്ടറേറ്റില്‍ നിന്നും മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചു. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇതിനിടെ കളക്ടറേറ്റ് കെട്ടിടത്തിന് പിന്നിലെ തേനീച്ചക്കൂട് ഇളകി നിരവധി പേര്‍ക്ക് പരിക്കേറ്റു.
കളക്ടറേറ്റിന്റെ പിന്‍വശത്ത് നിരവധി തേനീച്ചക്കൂടുകളാണ് ഉള്ളത്. ഇവിടെ ഡോഗ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നതിനിടെയാണ് തേനീച്ചക്കൂട് ഇളകിയത്. പരിശോധന നടത്താന്‍ പോലും കഴിയാത്ത വിധത്തിലാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്ന സാധാരണക്കാര്‍ക്കും കളക്ടര്‍ക്കും സബ്കളക്ടര്‍ക്കും പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
അതേസമയം, കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കുത്തേറ്റവര്‍ക്കെല്ലാം കളക്ടറേറ്റിന് പുറത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് വിട്ടത്. സ്ഥലത്ത് ഇപ്പോഴും തേനീച്ചകള്‍ വലിയ തോതില്‍ പറക്കുന്നുണ്ട്. ബോംബ് സ്ക്വാഡും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും ഒരു സംഘം പോലീസും പരിശോധന തുടരുകയാണ്.
പത്തനംതിട്ട കളക്ടറേറ്റിലും ഇന്ന് സമാനരീതിയില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി സന്ദേശവും ലഭിച്ചിരുന്നു.
STORY HIGHLIGHT: bomb threat to thiruvananthapuram collectorate