Kerala

തനിക്ക് കിട്ടേണ്ട പരിഗണന ഇല്ലാതാകുമോ എന്ന് ഭയന്നു; നവജാത ശിശുവിനെ കൊന്നത് പിതൃസഹോദരന്റെ മകള്‍ – kannur baby murder

പെണ്‍കുട്ടിയെ ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും

കണ്ണൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം. കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛന്റെ ജേഷ്ഠന്റെ മകളാണ് കൊല നടത്തിയ പന്ത്രണ്ടുവയസുകാരി. മാതാപിതാക്കളില്ലാത്തതിനാൽ മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് പന്ത്രണ്ടുകാരി ഭയന്നു. ഈ ഭയമാണ് കൊലപാതകത്തിലേക്ക് വഴിയൊരുക്കിയത്.

തമിഴ്‌നാട് സ്വദേശികളുടെ കുഞ്ഞാണ് കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ കൊല്ലപ്പെട്ടത്. മുത്തുവിനും ഭാര്യയ്ക്കും അരികെയാണ് 4 മാസം പ്രായമായ കുഞ്ഞ് ഇന്നലെ രാത്രി കിടന്നിരുന്നത്. ഇടയ്ക്ക് കുഞ്ഞിനെ കാണാതാവുകയായിരുന്നു. താൻ മൂത്രം ഒഴിക്കാൻ വേണ്ടി ഉണർന്നപ്പോൾ കുഞ്ഞ് ഉറങ്ങുന്നത് കണ്ടിരുന്നതായാണ് പന്ത്രണ്ടുകാരി ആദ്യം പൊലീസിനു നൽകിയ മൊഴി. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലില്‍ അടുത്തുള്ള കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് പെണ്‍കുട്ടിയാണെന്നുള്ള സംശയം കുഞ്ഞിന്റെ മാതാപിതാക്കളും പോലീസിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിലാണ് കുട്ടി കൊല നടത്തിയ കാര്യം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും തന്നോട് സ്‌നേഹം കുറഞ്ഞതായി കുട്ടി പറഞ്ഞു. കുട്ടിയുടെ അച്ഛനും അമ്മയും നേരത്തെ പിരിഞ്ഞിരുന്നു. ഇതിന് ശേഷം അച്ഛന്‍ മരിച്ചു. തുടര്‍ന്ന് കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നത് പിതൃസഹോദരനായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പെണ്‍കുട്ടിയെ ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.

STORY HIGHLIGHT: kannur baby murder