ഡയറ്റില്‍ ഉൾപ്പെടുത്താം മുളപ്പിച്ച പയർ, ഗുണങ്ങൾ അറിയാമോ ? | benefits-of-eating-sprouts

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചെറുപയര്‍. ദിവസവും ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി തടയാനും സഹായിക്കുന്നു. ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ മുളപ്പിച്ച പയറില്‍ അടങ്ങിയിരിക്കുന്നു. മുളപ്പിച്ച പയറിൽ വിറ്റാമിന്‍ സി ധാരാളം ഉണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

മുളപ്പിച്ച പയറിൽ എൻസൈമുകൾ ധാരാളമുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റിയെ തടയാനും സഹായിക്കും.വിറ്റാമിന്‍ എ അടങ്ങിയ ഇവ കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തി കൂട്ടാനും നല്ലതാണ്. ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡും ഉണ്ട്. ഇത് നല്ല കൊളസ്ട്രോളിനെ കൂട്ടാനും സഹായിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മുളപ്പിച്ച പയർ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

പ്രോട്ടീന്‍ അടങ്ങിയ മുളപ്പിച്ച പയർ ശരീരത്തിന് ഊര്‍ജം പകരാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മുളപ്പിച്ച പയർ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

മുളപ്പിക്കേണ്ടതെങ്ങനെ?

ചെറുപയർ, കടല, ബാർലി തുടങ്ങിയ മിക്ക ധാന്യങ്ങളും പയർ വർഗങ്ങളും മുളപ്പിച്ച് കഴിക്കാവുന്നതാണ്. പച്ചയ്ക്കും വേവിച്ചും ഇവ കഴിക്കാം. സാലഡ് ആക്കിയും ഇവ ഉപയോഗിക്കാം.

മുളപ്പിക്കാനായി തിരഞ്ഞെടുക്കുന്ന പയർവർഗങ്ങൾ കേടില്ലാത്തതായിരിക്കണം. ഇവ നന്നായി കഴുകിയ ശേഷം വെള്ളത്തിലിടുക. പയറിന്റെ ഇരട്ടി അളവിൽ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. കാരണം ഇവ വെള്ളം വലിച്ചെടുക്കും. നന്നായി അടച്ചുവയ്ക്കണം 12 മണിക്കൂറിനു ശേഷം ഇവയിലെ വെള്ളം ഊറ്റിക്കളയുക. വീണ്ടും നല്ല വെള്ളത്തിൽ കഴുകുക. വെള്ളം വാർന്നു കളയുക. രണ്ടു നേരവും ഈ പ്രക്രിയ ആവർത്തിക്കുക. ചെറുപയർ രണ്ടാം ദിവസം ചെറുമുള വരുമ്പോഴേ ഉപയോഗിക്കാം. എല്ലാ ധാന്യ പയർവർഗങ്ങളും നാലഞ്ചു ദിവസം കൊണ്ട് നന്നായി മുളയ്ക്കും.

ഇ–കോളി ഉൾപ്പെടെയുള്ള ബാക്ടീരിയകൾ ഉണ്ടാകാം എന്നതിനാൽ കൈകൾ, ഉപയോഗിക്കുന്ന പാത്രം, അടുക്കള ഇവ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

മുളയ്ക്കുമ്പോൾ ധാന്യങ്ങളിലും പയർ വർഗങ്ങളിലും, ആന്റീഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കലുകള്‍, ബയോഫ്ലേവനോയ്ഡുകൾ, ജീവകങ്ങൾ, ധാതുക്കൾ ഇവയെല്ലാം ധാരാളമായി ഉണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യം നൽകുന്നതാണ് മുളപ്പിച്ച പയറിന്റെ ഉപയോഗം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുളപ്പിച്ചു തന്നെ ധാന്യങ്ങളും പയർവർഗങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കുമല്ലോ.

content highlight: benefits-of-eating-sprouts