ലൈഫ് ഭവന പദ്ധതികൾക്ക് ബ്രാൻഡിംഗ് വേണമെന്ന കാര്യത്തിൽ കേന്ദ്രം കടുംപിടുത്തം തുടരുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ബ്രാൻഡിംഗ് വേണ്ടെന്ന സംസ്ഥാനത്തിൻ്റെ നിലപാട് കേന്ദ്രം പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കാര്യം മനസിലാകുന്നില്ല എന്നതാണ് സ്ഥിതി. വീടുകളിലെ ബ്രാൻഡിംഗ് ഗുണഭോക്താക്കളുടെ അന്തസിനെ ബാധിക്കുമെന്ന കാര്യമാണെന്ന് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറിനെ അറിയിച്ചപ്പോൾ അന്തസ്സുള്ളവർ അപേക്ഷിക്കുന്നത് എന്തിനെന്നാണ് നൽകിയ മറുപടിയെന്ന് മന്ത്രി പറഞ്ഞു. മനുഷ്യൻറെ അഭിമാനവും അന്തസ്സും മനസ്സിലാകാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കെട്ടിട നിർമ്മാണ ചട്ടം ഭേദഗതി ചെയ്യും. അഴിമതി മുക്ത തദ്ദേശ സ്ഥാപനം എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ പ്രാദേശിക എതിർപ്പ് വരുമ്പോൾ നാല് വോട്ട് കിട്ടുന്നത് നഷ്ടമാകും എന്ന് കരുതി മിണ്ടാതിരിക്കരുത്. പകരം പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.