Kerala

ധൈര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായ ധീര വനിതയാണ് സുനിത വില്യംസ്: സ്പീക്കര്‍ എ എന്‍ ഷംസീര്‍

സുനിത വില്യംസിന് നിയമസഭയുടെ ആദരം. ധൈര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായ ധീര വനിതയാണ് സുനിത വില്യംസെന്നും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും സുനിത പ്രചോദനമാണെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

സ്പീക്കറുടെ വാക്കുകൾ :

ഇന്ന് ലോകം ധീരവനിതയെന്ന് വാഴ്ത്തുന്ന സുനിതാ വില്യംസും സംഘവും ബഹിരാകാശ പര്യവേഷണ യജ്ഞം പൂര്‍ത്തിയാക്കി സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഒന്‍പത് മാസത്തെ അതിദീര്‍ഘമായ ബഷിരാകാശ യാത്രയ്ക്ക് ശേഷമുള്ള ഈ മടങ്ങിവരവ് ധൈര്യത്തിന്‍റെയും അര്‍പ്പണബോധത്തിന്‍റെയും ഉജ്ജ്വല പ്രതീകമായ ഈ ഇന്ത്യന്‍ വംശജ സുനിതാ വില്യംസ് തന്‍റെ വിജയത്തിലൂടെ ലോകത്തിന് മുന്നില്‍ ആത്മവീര്യം ഉയര്‍ത്തിക്കാണിച്ചിരിക്കികയാണ്.

ഈ അസാധാരണ നേട്ടം നമ്മുടെ രാജ്യത്തിന്‍റെയും അഭിമാനമാണ്. ബഹിരാകാശ പര്യവേഷണത്തിലെ ഈ വിജയം ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും നമ്മുടെ യുവതലമുറയ്ക്കും പ്രചോദനമാക്കേണ്ടതാണ്. സ്വപ്നങ്ങള്‍ക്ക് അതിരുകളില്ലെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് സുനിതാ വില്യംസിന്‍റെ ഈ വിജയം.

ഈ യാത്രയില്‍ സുനിതയെ പിന്തുണച്ച ബാരി ബച്ച് വില്‍മോര്‍ നിക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവര്‍ക്കും ഈ നേട്ടത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഈ സഭയുടെ പേരിലുള്ള ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കുന്നു.

അതേമസമയം നീണ്ട ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും അടങ്ങുന്ന സംഘം ഇന്ന് പുലര്‍ച്ചെയാണ് ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെയെത്തി. ഇന്ത്യൻ സമയം പുലർച്ചെ 3.40 ഓടെയാണ് 4 പേരടങ്ങുന്ന സംഘത്തെയും വഹിച്ച് സ്‌പേസ് എക്‌സിന്‍റെ ക്രൂ-9 പേടകം ഭൂമിയിൽ പതിച്ചത്. ഫ്ലോറിഡയുടെ തീരത്തോട് ചേര്‍ന്നുള്ള അറ്റ്‌ലാൻഡിക് സമുദ്രത്തിലെ മെക്‌സിക്കൻ ഉൾക്കടലിലാണ് ക്രൂ-9 പേടകം പതിച്ചത്.

Latest News