പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. റഷ്യ-യുക്രൈൻ യുദ്ധത്തിൽ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്ന് ശശി തരൂര്‍ പറഞ്ഞു. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ മോദിക്ക് കഴിഞ്ഞുവെന്നും മോദിയുടെ നയത്തെ താൻ എതിര്‍ത്തത് അബദ്ധമായെന്നും തരൂര്‍ പറഞ്ഞു. രണ്ടു രാജ്യങ്ങളുമായും സംസാരിക്കാനുള്ളയിടം മോദിക്ക് ഇന്നുണ്ടെന്നും തരൂർ പറഞ്ഞു.
2022 ഫെബ്രുവരിയിൽ പാർലമെന്ററി ചർച്ചയിൽ ഇന്ത്യൻ നിലപാടിനെ വിമർശിച്ച ഒരാളാണ് ഞാൻ. അതുകൊണ്ട് ഞാൻ എന്റെ മുഖത്ത് പതിഞ്ഞ മുട്ട തുടയ്ക്കുകയാണ്- തരൂർ പറഞ്ഞു. രാജ്യ തലസ്ഥാനത്ത് നടന്ന ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിന്റെ പരാമർശം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് രാജ്യന്തരതലത്തിലുള്ള പല ഉടമ്പടികൾക്കും വിരുദ്ധമാണെന്നായിരുന്നു തരൂർ അന്ന് പാർലമെന്റിൽ പറഞ്ഞത്.
തരൂരിന്റെ അഭിനന്ദനത്തെ ബിജെപി ഏറ്റെടുത്തുകഴിഞ്ഞു. രാജ്യന്തര തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കുന്ന അംഗീകാരത്തെ ഒരു കോൺഗ്രസ് നേതാവ് തന്നെ പ്രശംസിക്കുന്നത് ബിജെപി പ്രചരണായുധമാക്കുമ്പോൾ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല.