Food

വൈകിട്ട് ചായയ്‌ക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ തയ്യാറാക്കാം മസാല ബോണ്ട

വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ എന്ത് സ്പെഷ്യൽ ഉണ്ടാക്കുമെന്ന ചിന്തയിലാണോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന മസാല ബോണ്ടയുടെ റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ഉരുളക്കിഴങ്ങ് – 3-4 എണ്ണം
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • കടുക് – 1 ടീസ്പൂൺ
  • ഉഴുന്ന് – 1 ടേബിൾസ്പൂൺ
  • സവാള – 2 എണ്ണം
  • പച്ചമുളക് – എണ്ണം
  • ഇഞ്ചി – ചെറിയ കഷ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
  • ഗരംമസാലപൊടി – 1 ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ

ബാറ്റർ തയ്യാറാക്കുന്നതിനാവശ്യമായ ചേരുവകൾ

  • കടലപ്പൊടി – 1½ കപ്പ്
  • മൈദപ്പൊടി – ½ കപ്പ്
  • അരിപ്പൊടി – 3 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
  • ചില്ലി ചിക്കൻ മസാല – 1 ടീസ്പൂൺ
  • കായംപൊടി – ½ ടീസ്പൂൺ
  • വെള്ളം – ആവശ്യത്തിന്
  • ഓയിൽ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങെടുത്ത് തൊലി കളഞ്ഞു കഴുകി കഷ്ണങ്ങളാക്കി ഉപ്പും വെള്ളവും ചേർത്ത് വേവിക്കാൻ ആയിട്ട് വയ്ക്കണം. ഉരുളക്കിഴങ്ങ് വെന്തു ചൂടാറി കഴിഞ്ഞാൽ അതൊന്ന് ഉടച്ചെടുത്ത് മാറ്റി വയ്ക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കടുക് ഇട്ടു പൊട്ടിയ ശേഷം ഉഴുന്നു കൂടി ചേർത്ത് കൊടുക്കാം. ഉഴുന്ന് പൊട്ടി കഴിഞ്ഞാൽ ചെറുതായി അരിഞ്ഞു വെച്ച ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ചേർത്ത് ഒന്ന് വഴറ്റി എടുക്കാം.

ഇതിലേക്ക് ഇനി മഞ്ഞൾപ്പൊടി, ഗരംമസാല, മുളകുപൊടി എന്നിവ ചേർത്തിട്ട് നന്നായിട്ട് വഴറ്റി കൊടുക്കാം. ഇനി ഉടച്ചുവെച്ച ഉരുളക്കിഴങ്ങ് ചേർത്ത് ഒന്ന് വലിയിച്ചെടുത്ത ശേഷം ഇത് ചൂടാറാൻ മാറ്റി വയ്ക്കാം. ഇനി ഇതിലേക്ക് വേണ്ട ബാറ്റർ തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് കടലപ്പൊടി, മൈദപ്പൊടി, അരിപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, ചില്ലി ചിക്കൻ മസാല, കായംപൊടി എന്നിവ ചേർത്ത് കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശമാവിന്റെ പരുവത്തിനേക്കാൾ അൽപം കട്ടിയുള്ള പരുവത്തിൽ കലക്കിയെടുക്കാം.

ഇനി മസാല ചെറിയ ഉരുളകളാക്കി മാറ്റിവെക്കാം. ഇനിയൊരു ചട്ടിയിൽ ഓയിൽ ഒഴിച്ച് ചൂടായി കഴിഞ്ഞാൽ ഓരോ ഉരുളകളും ബാറ്ററിൽ മുക്കി എണ്ണയിലിട്ട് വറുത്ത് കോരാം. ഒരു മീഡിയം ചൂടിലിട്ട് തിരിച്ചും മറിച്ചിട്ട് വേവിച്ചെടുത്തിട്ട് വേണം ഇത് വറുത്ത് കോരി എടുക്കാനായിട്ട്. അങ്ങനെ നമ്മുടെ മസാല ബോണ്ട തയ്യാറായി കഴിഞ്ഞു.