Kerala

വയനാട് പുനരധിവാസം: എൽസ്റ്റോൺ എസ്റ്റേറ്റിന് നഷ്ടപരിഹാരം തീരുമാനിച്ചു, 21 കുട്ടികൾക്ക് 10 ലക്ഷം വീതം നൽകും

വയനാട് പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റിന് നഷ്ടപരിഹാരം തീരുമാനിച്ച് സര്‍ക്കാര്‍. 26 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുകയെന്നാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. ടൗണ്‍ഷിപ്പിനായി എല്‍സ്‌റ്റോണിലെ 64 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ 26,57,10769 രൂപ നഷ്ടപരിഹാരം നല്‍കിക്കൊണ്ട് ഏറ്റെടുക്കുകയെന്നാണ് തീരുമാനം. ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് വൈത്തിരി താലൂക്ക് കല്‍പ്പറ്റ വില്ലേജില്‍ ബ്ലോക്ക് 19ല്‍ റീസര്‍വെ നമ്പര്‍ 88/ 158, 88/159, 88/62 88/66, 88/137 എന്നിവയില്‍പ്പെട്ട എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും തുക നല്‍കുകയെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.

ബാക്കിയുള്ള കാര്യങ്ങളെല്ലാം കോടതി വിധി അടിസ്ഥാനമാക്കി ചെയ്യുമെന്നും ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട 21 കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഏഴ് കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാള്‍ മാത്രം നഷ്ടപ്പെട്ട 14 കുട്ടികള്‍ക്കും പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതവുമാണ് അനുവദിക്കുന്നത്.

18 വയസ്സുവരെ തുക പിന്‍വലിക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്. ഈ തുക കളക്ടറുടെ കൈവശമായിരിക്കുമെന്നും അതിന്റെ പലിശ എടുത്ത് കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി ഉപയോഗിക്കാന്‍ കഴിയും.

Latest News