Kerala

വിഴിഞ്ഞം തുറമുഖം; ഭൂഗര്‍ഭ റെയില്‍പാത ഡിപിആറിന് അംഗീകാരം, വരുന്നത് കണ്ടെയ്‌നര്‍ നീക്കത്തിനായി പത്തു കിലോമീറ്റര്‍ നീളത്തില്‍ ഭൂഗര്‍ഭ പാതയുള്‍പ്പടെ, റെയില്‍ ടെര്‍മിനലുകള്‍ക്കായി ഭൂമി തേടി സ്വകാര്യ കമ്പനികളും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയുടെ ഡിപിആറിന് മന്ത്രിസഭായോഗം അനുമതി നല്‍കി. തുരങ്ക റെയില്‍പാതയുള്‍പ്പടെയുള്ള നിര്‍മ്മിക്കുന്നതിന് കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് (KRCL)  ഡിറ്റെയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (DPR) തയ്യാറാക്കിയത്. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്. 2028 ഡിസംബറിന് മുന്‍പ് റെയില്‍പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം. ഡിപിആര്‍ ലഭിച്ചതോടെ റെയില്‍പാതയുമായി ബന്ധപ്പെട്ട് എല്ലാ അനുമതിയും ലഭിച്ചു കഴിഞ്ഞു. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് സാധിക്കും.

ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് പോര്‍ട്ട് കണ്ക്ടിവിറ്റിയ്ക്കായി റെയില്‍പാത നിര്‍മ്മിക്കുന്നതിനുള്ള അന്തിനാനുമതി ലഭിക്കുന്നത്. വിഴിഞ്ഞം തുറമുഖം രണ്ടും മൂന്നും ഘട്ടങ്ങളുടെ പൂര്‍ത്തീകരണം 2028 ല്‍ നടപ്പാക്കാനാണ് അദാനി പോര്‍ട്ടും വിസില്‍ കമ്പനിയും തത്വത്തില്‍ അംഗീകരിച്ചിരിക്കുന്നത്. ആ രണ്ടു ഘട്ടങ്ങള്‍ക്കായിട്ടുള്ള പാരിസ്ഥികാനുമതി കഴിഞ്ഞയാഴ്ച തുറമുഖ കമ്പനിയ്ക്ക് ലഭിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് റെയില്‍ കണക്ടിവിറ്റിയുടെ ഡിപിആര്‍ അംഗീകരിച്ചിരിക്കുന്നത്. ഇതോടെ നിര്‍മ്മാണ ചുമതലയുള്ള കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ തുടര്‍ നടപടികളുമായി മുന്നോട്ടു പോകും. ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഭൂമി ഏറ്റെടുക്കല്‍ ജോലികള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. റെയില്‍ പാതക്കായി ബാലരാമപുരം, പള്ളിച്ചല്‍, അതിയന്നൂര്‍ വില്ലേജുകളില്‍പ്പെട്ട 4.697 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലാണ്. 1482.92 കോടി രൂപയാണ് റെയില്‍പ്പാതയ്ക്കായുള്ള ആകെ പദ്ധതിച്ചെലവായി കണക്കാക്കിയിരുന്നത്. ആ തുക മുഴുവനായി യാതൊരു തിരുത്തും വരുത്താതെയാണ് അനുമതി നല്‍കിയിരിക്കുന്നത്.

റെയില്‍പാതയുടെ നിര്‍മ്മാണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് തുറമുഖ മന്ത്രി വി.എന്‍. വാസവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പഴയ കണ്‍സഷന്‍ എഗ്രിമെന്റ് പ്രകാരം റെയില്‍പ്പാത സ്ഥാപിക്കേണ്ടിയിരുന്നത് 2022 മെയ് മാസത്തിലായിരുന്നു. അദാനി ഗ്രൂപ്പുമായുള്ള പുതിയ സെറ്റില്‍മെന്റ് കരാര്‍ പ്രകാരമാണ് റെയില്‍ പാത സ്ഥാപിക്കേണ്ട അവസാന തീയതി ഡിസംബര്‍ 2028 ആക്കി സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചത്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെയാണ് റെയില്‍പ്പാത സ്ഥാപിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഡിപിആര്‍ പ്രകാരം 10.7 കി.മി ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയാണ് തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കാനായി നിര്‍മ്മിക്കേണ്ടത്. ഇതില്‍ 9.02 കി.മി ദൂരവും ടണലിലൂടെയാണ് കടന്നു പോകുന്നത്.

ഡി.പി.ആറിന് ദക്ഷിണ റെയില്‍വേയുടെ അംഗീകാരവും കേന്ദ്ര മന്ത്രാലയത്തിന്റെ പാരിസ്ഥിതികാനുമതിയും ലഭ്യമായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളായ പ്രധാന്‍മന്ത്രി ഗതിശക്തി, സാഗര്‍മാല, റെയില്‍ സാഗര്‍ തുടങ്ങിയവയിലൂടെ പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കുന്നതായും മന്ത്രി വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ഗേറ്റ് വേ കണ്ടെയ്നര്‍ ട്രാഫിക്കിന്റെ സാദ്ധ്യത കണക്കിലെടുത്ത് ഒരു കണ്ടെയ്നര്‍ റെയില്‍ ടെര്‍മിനല്‍ തിരുവനന്തപുരത്ത ഏതെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിക്കണമെന്ന പ്രൊപ്പോസലും മുന്നോട്ടുവച്ചിട്ടുണ്ട്. നേമം പരിഗണനയില്‍ ഉണ്ടെങ്കിലും ബാലരാമപുരത്തോ, നെയ്യാറ്റിന്‍കരയിലോ, അതുമല്ലെങ്കില്‍ കഴക്കൂട്ടം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തോ സ്ഥാപിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഇതിനു പുറമെ സ്വകാര്യ കമ്പനികളും കണ്ടയിനര്‍ റെയില്‍ ടെര്‍മിനലുകള്‍ സ്ഥാപിക്കാന്‍ സന്നദ്ധ അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. റെയില്‍വേയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിലെ വലിയ ഭൂമികളാണ് വിവിധ കമ്പനികള്‍ ആവശ്യപ്പെടുന്നത്. വര്‍ക്കല -കന്യാകുമാരി റെയില്‍വേ ലൈനിനു സമീപമായി 20 മുതല്‍ 35 ഏക്കര്‍ വരെ ഭൂമിയാണു സ്വകാര്യ ടെര്‍മിനലുകള്‍ക്കായി കമ്പനികള്‍ തേടുന്നത്. റെയില്‍വേ ട്രാക്കുമായി അതിരു പങ്കിടുന്ന ഭൂമിയാണു പ്രധാനമായും നോക്കുന്നത്. പ്രധാന പാതയില്‍ നിന്നു ടെര്‍മിനലിലേക്ക് റെയില്‍ പാത സ്ഥാപിക്കുകയും റോഡ് മാര്‍ഗം ടെര്‍മിനലില്‍ എത്തിക്കുന്ന കണ്ടെയ്‌നറുകള്‍ തരം തിരിച്ചു വിവിധ സ്ഥലങ്ങളിലേക്കു ഗുഡ്‌സ് ട്രെയിനുകളില്‍ കയറ്റി അയ്ക്കുകയുമാണു സ്വകാര്യ ടെര്‍മിനലുകളില്‍ ചെയ്യുക. സ്വകാര്യ ടെര്‍മിനലുകള്‍ വരുന്നതോടെ റെയില്‍ വഴിയുള്ള ചരക്ക് നീക്കം ശക്തമാകും. തിരുവനന്തപുരം-നാഗര്‍കോവില്‍ പാത ഇരട്ടിപ്പിക്കല്‍ പണികളും വേഗത്തിലാക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.