മെഡിക്കല്‍ ബിരുദമില്ലാത്തയാള്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നുവെന്ന ആരോപണത്തെക്കുറിച്ച് കേരള മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്റ്റ് 2021 ന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ആക്റ്റിലെ സെക്ഷന്‍ 42, 43 പ്രകാരം റോബിന്‍ ഗുരുസിംഗ് എന്ന വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ 2021 ല്‍ നല്‍കിയ ഉത്തരവ് പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ ഒരു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആക്റ്റിലെ സെക്ഷന്‍ 40, 41, 42, 43 പ്രകാരം ആരോപണവിധേയനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നത് പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
തലസ്ഥാനത്തെ ചാക്കയിലാണ് വ്യാജ ഡോക്ടര്‍ പരസ്യ ബോര്‍ഡ് സ്ഥാപിച്ചതെന്ന് എ. ശ്രീകുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു. കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കേരളത്തിലോ തമിഴ് നാടിലോ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തി. ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരസ്യ ബോര്‍ഡ് നീക്കം ചെയ്തതായി രജിസ്ട്രാര്‍ കമ്മീഷനെഅറിയിച്ചു. എന്നാല്‍ വ്യാജ ഡോക്ടര്‍ ചികിത്സാതട്ടിപ്പ് തുടരുകയാണെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ സ്‌പൈന്‍ സ്‌പെഷ്യലിസ്റ്റ് എന്ന് പരസ്യം നല്‍കിയിരുന്നതായും പരാതിക്കാരന്‍ അറിയിച്ചു.
ഇയാളുടെ ക്ലിനിക്ക് തമിഴ് നാട്ടിലെ കരിങ്കല്‍ എന്ന സ്ഥലത്താണെന്നും മലയാളികളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് കേരളത്തില്‍ പരസ്യം ചെയ്യുന്നതെന്നും പരാതിക്കാരന്‍ അറിയിച്ചു.
CONTENT HIGH LIGHTS; Human Rights Commission should examine the possibility of criminal action against fake doctors