നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി നിയമ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. കാരോട് ബൈപ്പാസിൽ നടത്തിയ പരിശോധനയിൽ വള്ളക്കടവ് സ്വദേശിയായ സിദ്ദിഖ്, നിയമ വിദ്യാർത്ഥി കൂടിയായ പാറശാല സ്വദേശി സൽമാൻ എന്നിവരാണ് പിടിയിലായത്. എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ ഇവരിൽനിന്ന് 21 ഗ്രാം എംഡിഎംഎ യാണ് കണ്ടെത്തിയത്.
രണ്ടുദിവസം മുമ്പ് ബെംഗളൂരുവിൽ എത്തിയ സിദ്ദിഖ് എംഡിഎംഎ വാങ്ങിയശേഷം റോഡ് മാർഗം നാഗർകോവിൽ എത്തുകയായിരുന്നു. തുടർന്ന് സൽമാൻ ബൈക്കിൽ എത്തി സിദ്ദിഖിനെ കൂട്ടിക്കൊണ്ട് വരുന്നതിനിടയിൽ ആയിരുന്നു എക്സൈസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കും എക്സൈസ് സംഘം പിടിച്ചെടുത്തു.
നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലേയും നഗര ഹൃദയങ്ങളിലേയും സ്കൂളുകളും കോളേജുകളും കേന്ദ്രമാക്കി ലഹരിമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ എന്ന് എക്സൈസ് സംഘം വ്യക്തമാക്കി. സിദ്ദിഖിനെതിരെ നെയ്യാറ്റിൻകര റേഞ്ച് പരിധിയിൽ മുൻപും കേസുണ്ടായിട്ടുണ്ട്.
STORY HIGHLIGHT: neyyattinkara mdma arrest