ആശമാരുടെ പ്രവർത്തനം സംബന്ധിച്ച് സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടിയുമെടുത്താണ് മുന്നോട്ടുപോകുന്നതെന്നും സമരത്തിൽനിന്ന് പിൻവാങ്ങണമെന്നാണ് ആശമാരോട് ആദ്യം അഭ്യർത്ഥിച്ചതെന്നും മന്ത്രി വീണാ ജോർജ്. പതിനഞ്ചാം തീയതി നടത്തിയ ചർച്ചയിലും സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നൽകുന്ന ഫിക്സഡ് ഇൻസെന്റീവ് 3000 രൂപയാണ്. ഓണറേറിയം കൂട്ടണമെന്നുതന്നെയാണ് സർക്കാർ നിലപാട്. കേന്ദ്ര ആരോഗ്യമന്ത്രിയെ ഈയാഴ്ചതന്നെ നേരിൽക്കണ്ട് ആവശ്യപ്പെടുന്നതാണെന്നും മന്ത്രി പറഞ്ഞു. 26,125 പേരാണ് കേരളത്തിൽ ആശമാരായുള്ളത്. അവരിൽ 400ഓളം പേരാണ് സമരരംഗത്തുള്ളത്. ഇപ്പറഞ്ഞ 26,125 പേരിൽ 13,000 പേർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ല. കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം അവരുടെ വിവരങ്ങൾ ഒന്നര വർഷം മുൻപ് അയച്ചുകൊടുത്തതാണെന്നും മന്ത്രി അറിയിച്ചു.
ഓണറേറിയം സംസ്ഥാന സർക്കാരും ഇൻസെന്റീവ് കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചു നൽകുകയുമാണ് ചെയ്യുന്നത്. 7000 രൂപയാണ് ഓണറേറിയം. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നൽകുന്ന ഫിക്സഡ് ഇൻസെന്റീവ് 3000 രൂപയാണ്. സ്ത്രീ സന്നദ്ധ പ്രവർത്തകർ എന്നുള്ള നിലയിൽനിന്ന് ആശാ പ്രവർത്തകരെ മാറ്റുകയും അതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പരിഷ്കരിക്കുകയും ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും വീണാ ജോർജ് പറഞ്ഞു.
1600 രൂപ കേന്ദ്രവും 1400 രൂപ സംസ്ഥാനവുമാണ് നൽകുന്നത്. അതുകൂടാതെ ഓരോ സേവനങ്ങൾക്കുമുള്ള ഇൻസെന്റീവ് ഒരു ആശയ്ക്ക് ലഭിക്കുന്നത് 75 രൂപയാണ്. 2006-ൽ കേന്ദ്രം നിശ്ചയിച്ച ഇൻസെന്റീവിൽ ഇതുവരെ ഒരു രൂപ പോലും കൂട്ടിയിട്ടില്ല. ഓണറേറിയം നൽകുന്നതിന് പത്ത് മാനദണ്ഡങ്ങൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. മാനദണ്ഡങ്ങൾ പിൻവലിക്കണമെന്ന് ആശമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ടുള്ള തീരുമാനമുണ്ടാവുകയും നടപ്പിലാക്കുകയും ചെയ്തു. ആ ഉത്തരവ് ഇറങ്ങുകയും ചെയ്തിട്ടുണ്ട്.
21,000 രൂപയായി ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കുമ്പോൾ അഞ്ച് ലക്ഷം രൂപ അതിന്റെ ബെനിഫിറ്റ് ആയി വേണമെന്നുമാണ് ഇന്നത്തെ ചർച്ചയിൽ അവരാവശ്യപ്പെട്ടത്. ഓണറേറിയം ഇനിയും കൂട്ടണമെന്നുതന്നെയാണ് സർക്കാർ നിലപാട്. എങ്കിലും ഇപ്പോഴത് മൂന്നിരട്ടിയായി വർധിപ്പിക്കണമെന്ന് പറയുമ്പോൾ സംസ്ഥാനം എന്താണ് ഈ വിഷയത്തിൽ ചെയ്യുകയെന്ന് കൃത്യമായി ആശാ പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. ആശമാരുടെ പ്രവർത്തനം സംബന്ധിച്ച് ഏറ്റവും അനുകൂലമായിട്ടുള്ള നിലപാട് സ്വീകരിക്കുന്നവരാണ് ഈ സർക്കാർ. അതിനിയും അങ്ങനെതന്നെ തുടരുകയും ചെയ്യും. സ്ത്രീ സന്നദ്ധ പ്രവർത്തകർ എന്നുള്ള നിലയിൽനിന്ന് ആശാ പ്രവർത്തകരെ മാറ്റുകയും അതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പരിഷ്കരിക്കുകയും ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. മന്ത്രി പറഞ്ഞു.
STORY HIGHLIGHT: kerala asha workers strike