Kerala

തൊഴിലില്ലായ്മയുടെ പേരില്‍ ആരെങ്കിലും സമ്മര്‍ദത്തിന് അടിപ്പെടുകയോ മാനസിക പ്രയാസം ഉണ്ടായെങ്കിലോ അറിയിച്ചാല്‍ പരിശോധിച്ച് പരിഹാരം കാണും-മന്ത്രി സജി ചെറിയാന്‍

കേരളത്തില്‍ തൊഴിലില്ലായ്മയുടെ പേരില്‍ ആരെങ്കിലും സമ്മര്‍ദത്തിന് അടിപ്പെടുകയോ മാനസിക പ്രയാസം ഉണ്ടായി ആളുകള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതായോ തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് യുവജനക്ഷേമ മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. ഇത്തരത്തില്‍ ഏതെങ്കിലും പ്രശ്‌നം ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ പരിശോധിച്ച് പരിഹാരം കാണുമെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു.

മാനസിക സമ്മര്‍ദ്ദം ഒരു പ്രശ്‌നമാണ്. എട്ട് മണിക്കൂര്‍ ജോലി ചെയ്യേണ്ടിത്ത് 12ഉം 16 ഉം മണിക്കൂര്‍ പണിയെടുപ്പിക്കുന്നുണ്ട്. ഐടി മേഖലയിലും പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ യുവാക്കള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കും. യുവാക്കളിലെ മാനസിക സമ്മര്‍ദ്ദം പരിഹരിക്കുന്നതിന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ കൗണ്‍സിലിങ് ക്‌ളാസുകള്‍ നല്‍കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയം ഉള്ളതിനാല്‍ സിനിമയുടെ ഉള്ളടക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സിനിമകള്‍ക്ക് അംഗീകാരം നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡാണ്. അതിനാല്‍ തന്നെ സിനിമയിലെ ലഹരി സംബന്ധമായ രംഗങ്ങള്‍ അടക്കമുള്ളവയെ കുറിച്ചുള്ള പരാതികള്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സിനിമാരംഗത്തെ പ്രധാനപ്പെട്ടവരുടെ യോഗം ചേര്‍ന്ന് മയക്കുമരുന്ന് ഉപയോഗം, അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളുള്ള സിനിമകള്‍ക്ക് കര്‍ശന സെന്‍സറിങ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒടിടി അക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഇത്തരം സിനിമകള്‍ വിലക്കണമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.