Travel

ഒരാളുടെ ട്രെയിന്‍ ടിക്കറ്റിൽ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാനാകുമോ? അറിയേണ്ടതെല്ലാം! | Can one person’s train ticket be given to another person? Let’s find out how

നിങ്ങളുടെ പേരിലെടുത്ത ടിക്കറ്റ് നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കാവുന്നതാണ്.

നിങ്ങളുടെ പേരിലെടുത്ത ട്രെയിന്‍ ടിക്കറ്റ് മറ്റൊരാള്‍ക്ക് നല്‍കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോയ സാഹചര്യം ഉണ്ടാവില്ലേ. വളരെ അത്യാവശ്യമുള്ള ഘട്ടത്തില്‍ ഇത്തരമൊരു ഉപായം ഉണ്ടായിരുന്നെങ്കില്‍ എന്ന് തീര്‍ച്ചയായും ചിന്തിക്കാം. എന്നാല്‍ സംഗതി ശരിയാണ് തീര്‍ച്ചയായും നിങ്ങള്‍ ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് മറ്റൊരാള്‍ക്ക് നല്‍കാനാവും. പക്ഷേ അതിന് കുറച്ച് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. നിങ്ങളുടെ പേരിലെടുത്ത ടിക്കറ്റ് നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കാവുന്നതാണ്.

മാതാപിതാക്കള്‍ക്കോ മക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കോ പോലെയുള്ളവര്‍ക്ക് മാത്രം നല്‍കാം. ഇന്നാ ഇത് നീ എടുത്തോ എന്നുപറഞ്ഞ് കയ്യിലെടുത്ത് കൊടുക്കാന്‍ സാധിക്കില്ല. റെയില്‍വേയില്‍ നേരിട്ട് ചെന്ന് അപേക്ഷ നല്‍കേണ്ടതുണ്ട് . ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് അപേക്ഷ നല്‍കണം. ഓണ്‍ലൈന്‍ വഴി ഈ അപേക്ഷ നല്‍കാനാവില്ല. അപേക്ഷയോടൊപ്പം ടിക്കറ്റ് കൊടുക്കുന്നയാളുടെയും വാങ്ങുന്ന ആളുടെയും തിരിച്ചറിയല്‍ രേഖകളും ഹാജരാക്കണം.

ഇനി മറ്റ് ചിലര്‍ക്കും റെയില്‍വേയുടെ ഈ ആനുകൂല്യം ലഭിക്കും. കല്യാണത്തിന് ഒന്നിച്ച് ടിക്കറ്റെടുക്കുന്നവര്‍, എന്‍സിസി കേഡറ്റുകള്‍ എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ റെയില്‍വെ നല്‍കുന്ന ആനുകൂല്യം ഇപ്രകാരമാണ്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മൊത്തം ബുക്ക് ചെയ്തതിന്റെ പത്ത് ശതമാനം പേര് മാറ്റാവുന്നതാണ്. പക്ഷേ അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ട്രെയിന്‍ പുറപ്പെടുന്നതിന്റെ 48 മണിക്കൂര്‍ മുന്‍പായിരിക്കണമെന്ന് മാത്രം. ഇനി ഔദ്യോഗികമായ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ഇപ്രകാരം ചെയ്യാവുന്നതാണ്. അതിന് ചെയ്യേണ്ടത് സ്ഥാപനത്തിന്റെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ റെയില്‍വേയില്‍ സമര്‍പ്പിക്കണമെന്നതാണ്.