Kerala

ഡാമുകള്‍ക്ക് സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍; സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ആവശ്യമെങ്കില്‍ പരിഷ്‌കരിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

സംസ്ഥാനത്തെ ഡാമുകള്‍ക്ക് സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ആവശ്യമെങ്കില്‍ പരിഷ്‌കരിക്കും. ഉത്തരവ് സംബന്ധിച്ച് ജനങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി. നിലവിലുള്ള ഒരു നിര്‍മ്മാണ പ്രവര്‍ത്തനത്തെയും ഈ ഉത്തരവ് ബാധിക്കുന്നില്ല. ബഫര്‍ എന്ന വാക്ക് തന്നെ ആവശ്യമില്ല. കോടതിയില്‍ ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള കേസോ മറ്റോ വന്നാല്‍ അത് ദോഷകരമാവാതിരിക്കനാണ് സര്‍ക്കാര്‍ അന്ന് അത്തരമൊരു ഉത്തരവിറക്കിയത്. മുന്‍കാലങ്ങളിലെ പോലെ ഓരോ അപേക്ഷകളും പ്രത്യേകമായി പരിശോധിച്ച് ചെയ്യുന്നതിന് ഈ ഉത്തരവ് പരിഷ്‌കരിക്കാനും സര്‍ക്കാര്‍ തയ്യാറാണ്. ഡാമിന്റെ തീരത്തോട് ചേര്‍ന്ന് റിസോര്‍ട്ടുകളൊക്കെ പണിയാന്‍ ആലോചിക്കുമ്പോള്‍ അനുമതി കൊടുക്കണോയെന്നതൊക്കെ പരിശോധിച്ച് തീരുമാനിക്കും. ഉത്തരവിന്റെ പേരില്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ജനജീവിതത്തെ ബാധിക്കാതെയും നിലവിലുള്ള നിര്‍മാണത്തിന് തടസം വരാതിരിക്കുകയും കുടിവെള്ള പ്രശ്‌നം ഉണ്ടാകാതെയും നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യ – ചൈന യുദ്ധത്തിന് ശേഷം 1985ലെ ഡിഫന്‍സ് ഒഫ് ഇന്ത്യ ആക്ട് പ്രകാരമുള്ള ഉത്തരവനുസരിച്ച് ഇന്ത്യയിലെ മേജര്‍ ഡാമുകളിലെല്ലാം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് ബഫര്‍ സോണ്‍ നിലവില്‍ വന്നിരുന്നു. ഈ നിയമം പിന്നീട് സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും ഡാമുകളോട് ചേര്‍ന്നുള്ള റിസര്‍വോയറുകളില്‍ മണ്ണൊലിപ്പ്, മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരുത്തി. അപ്പോഴും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ ചെയര്‍മാനായ കേരള ഡാം സേഫ്റ്റി അതോറിട്ടി സമിതി അപേക്ഷകള്‍ പരിഗണിച്ച് അനുമതി നല്‍കിയിരുന്നു. എന്നാല്‍ 2021ല്‍ ഡാം സേഫ്റ്റി നിലവില്‍ വന്നപ്പോള്‍ അതോറിട്ടി ഇല്ലാതായി. പിന്നീട് ബാണാസുര സാഗര്‍ ഡാമിന് സമീപത്ത് നിര്‍മാണത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ സമയബന്ധിതമായി ഒരു നയം രൂപീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയതെന്നും മന്ത്രി വിശദീകരിച്ചു.

ജലസേചന വകുപ്പിന്റെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കളിസ്ഥലങ്ങളാക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വകുപ്പിന്റെ പല സ്ഥലങ്ങളും ഇപ്പോള്‍തന്നെ വോളിബോള്‍, ഫുട്‌ബോള്‍ കോര്‍ട്ടുകളാണ്. അതിനെ പ്രോത്സാഹിപ്പിക്കും. ലഹരിയും കള്ളക്കടത്തും വ്യാപകമാകുന്ന സാഹചര്യത്തില്‍ യുവാക്കളെ അതില്‍ നിന്നൊക്കെ പിന്തിരിപ്പിക്കാന്‍ കായിക വിനോദങ്ങള്‍ നല്ലതാണ്. കളിസ്ഥലമില്ലെന്നത് പ്രതിസന്ധിയാണ്. അതിനാല്‍ തന്നെ വകുപ്പിന്റെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അപേക്ഷ നല്‍കിയാല്‍ വ്യവസ്ഥകളോടെ അനുമതി നല്‍കുന്നത് പരിഗണിക്കും. പൊതുഅനുമതി നല്‍കിയാല്‍ മതിയെന്നും ഇത്തരം ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങള്‍ സാമൂഹ്യവിരുദ്ധരാണ് പലപ്പോഴും ഉപയോഗിക്കുന്നതെന്ന് സ്പീക്കര്‍ എ എന്‍ ഷംസീറും പറഞ്ഞു.

സംസ്ഥാനത്തെ നദികളില്‍ നിന്ന് ജലസേചന വകുപ്പ് മണല്‍ ഖനനനം ചെയ്യുന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ പറഞ്ഞു. അത് റവന്യൂ വകുപ്പിന് കീഴില്‍ വരുന്നത്. നദികളിലെ എക്കലും ചെളിയും നീക്കുകയാണ് ഇറിഗേഷന്‍ വകുപ്പ് ചെയ്യുന്നതെന്നും അദ്ദേഹം ചോദ്യോത്തരവേളയില്‍ പറഞ്ഞു. നദികളുടെ അടിത്തട്ടില്‍ നിന്ന് മൂന്ന് കോടി ഘനമീറ്റര്‍ എക്കല്‍ നീക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഒരുകോടി ഘനമീറ്റര്‍ ഇതുവരെ മാറ്റി. ഇങ്ങനെ മാറ്റിയ എക്കല്‍ കരയില്‍ നിന്ന് നീക്കാനാവാത്ത പ്രതിസന്ധിയും ഉണ്ടെന്നും മന്ത്രി പറഞ്ഞു. ലേലം ചെയ്യുമ്പോള്‍ ആരും ഏറ്റെടുക്കാത്ത സ്ഥിതിയുണ്ട്. ഇതിനായി ഒരു സ്റ്റാന്‍ഡേര്ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ (എസ്ഒപി) തയ്യാറാക്കും.