നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന ഘടകവുമായി ആശാ വര്‍ക്കര്‍മാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയും പിടിപ്പുകേടുമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. 38 ദിവസമായി ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരപ്പന്തലിലേക്ക് ഒരിക്കല്‍ പോലും ഒന്നു തിരിഞ്ഞു നോക്കാന്‍ പിണറായി വിജയന്‍ കൂട്ടാക്കിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അവരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി നേരിട്ടു ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പരിഹരിക്കാവുന്ന പ്രശ്‌നത്തെ നിസാരവത്ക്കരിച്ചും പരിഹസിച്ചും അദ്ദേഹം അവഗണിക്കുകയാണു ചെയ്തതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കോവിഡ് മഹാമാരിക്കാലത്തും നിപ്പാ കാലത്തും പ്രളയകാലത്തും കേരളത്തിനു കൈത്താങ്ങായവരാണ് ആശാ വര്‍ക്കര്‍മാര്‍. അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നു കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ചോദിച്ചു വാങ്ങാനും മുഖ്യമന്ത്രിയാണു മുന്‍കൈ എടുക്കേണ്ടത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിനെ പിണക്കാന്‍ മടിക്കുന്ന പിണറായി വിജയന്‍ ആശാവര്‍ക്കര്‍മാരുടെ ജീവിത ദുരിതവും സമരാഗ്‌നിയും കണ്ടില്ലെന്നു നടിക്കുകയാണ് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം സംസാരിച്ചതേയില്ല. ഇക്കാര്യം പാര്‍ലമെന്റിലുന്നയിച്ച യുഡിഎഫ് എംപിമാരോട് സംസ്ഥാന സര്‍ക്കാരാണ് ആശാവര്‍ക്കരമാരെ കൈയൊഴിഞ്ഞതെന്നു കേന്ദ്ര സര്‍ക്കാര്‍ ധരിപ്പിച്ചിരുന്നു. എന്നിട്ടു പോലും കേന്ദ്രത്തെ പഴിച്ചു കൈ കഴുകുന്ന മുഖ്യമന്ത്രി യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. എന്‍എച്ച്എം കേരളാ ഘടകത്തിന്റെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ആശാ വര്‍ക്കര്‍മാര്‍ മുന്നോട്ടുവെച്ച കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തതേയില്ല. എന്നിട്ടും മുഖ്യമന്ത്രി അനങ്ങാപ്പാറ നയം തുടരുകയാണ്. ചെന്നിത്തല പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്കു നിയോഗിച്ചത് പ്രഹസനമാണ്. മുഖ്യമന്ത്രിക്കു സമര നേതാക്കളെ അഭിമുഖീകരിക്കാനുള്ള കരളുറപ്പില്ലെന്നും സമരം ശക്തിപ്പെടുത്താനുള്ള ആശാവര്‍ക്കര്‍മാരുടെ തീരുമാനത്തിന് എല്ലാ പിന്തുണയും നല്‍മെന്നും ചെന്നിത്തല അറിയിച്ചു.
STORY HIGHLIGHT: ramesh chennithala attacks chief minister