മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ സത്യേന്ദർ ജെയിനെതിരെ ഏഴു കോടിയുടെ കൈക്കൂലി കേസ്. 571 കോടിയുടെ സിസിടിവി കാമറ ഇടപാടുമായി ബന്ധപ്പെട്ടാണ് കൈക്കൂലി ആരോപണം. സംഭവത്തിൽ ഡല്‍ഹി സര്‍ക്കാരിന്റെ ആൻ്റി കറപ്ഷന്‍ ബ്രാഞ്ച് കേസെടുത്തു.
ഡല്‍ഹി നഗരത്തില്‍ പല ഇടത്തായി സിസിടിവി കാമറകൾ സ്ഥാപിക്കുന്നതില്‍ കരാറുണ്ടായിരുന്ന പൊതു മേഖലാ സ്ഥാപനം ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് സിസിടിവി സ്ഥാപിക്കുന്നതില്‍ താമസം വരുത്തിയതിന് 16 കോടി രൂപയുടെ പിഴ സര്‍ക്കാര്‍ ചുമത്തിയിരുന്നു. ഈ പിഴ ഒഴിവാക്കാനായി ഡല്‍ഹി നഗരത്തിലെ സിസിടിവി പ്രൊജക്ടിന്റെ നോഡല്‍ ഓഫീസറായിരുന്ന സത്യേന്ദര്‍ ജെയിന്‍ ഏഴ് കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്നന്നതാണ് കേസ്. പ്രവര്‍ത്തന രഹിതമായ സിസിടിവി നല്‍കിയതുള്‍പ്പടെ സിസിടിവി ഇടപാടില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായും അന്വേഷണ സംഘം അറിയിച്ചു.
കരാര്‍ നടപ്പാക്കുന്നതില്‍ കമ്പനി തുടര്‍ച്ചയായി താമസം വരുത്തിയിട്ടും കൈക്കൂലി കൈപ്പറ്റിയ ശേഷം 1.4 ലക്ഷം സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനുള്ള കരാര്‍ കൂടി ബി.ഇ.എലിന് സത്യേന്ദർ നല്‍കിയെന്ന് ജോയിന്റ് കമ്മീഷണര്‍ ഓഫ് പോലീസ് അറിയിച്ചു. 2018 നവംബറിലാണ് ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലായി 1.4 ലക്ഷം സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനായുള്ള കരാര്‍ പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എലിന് സര്‍ക്കാർ നൽകുന്നത്.
STORY HIGHLIGHT: Satyendar Jain Faces 571 Crore ‘CCTV Fraud’ Case