Travel

അരയന്നങ്ങളുടെ വിശ്രമത്താവളം; ആരെയും ആകർഷിക്കുന്ന ബുജ് | A resting place for flamingos; Bhuj attracts everyone

പതിനൊന്ന് മീറ്റര്‍ ഉയരമുള്ള ഈ കോട്ടയില്‍ 51 പീരങ്കികള്‍ ഉറപ്പിച്ചിട്ടുണ്ട്.

കച്ച് ജില്ലയുടെ ആസ്ഥാനമാണ് ഏറെ ചരിത്രപ്രാധാന്യമുള്ള ബുജ്. ബുജിയോ ദുന്‍ഗാര്‍ എന്ന മലയുടെ പേരില്‍ നിന്നാണ് ബുജ് എന്ന പേരുറവെടുത്തത്. ബുജാങ്ങ് എന്ന വന്‍ സര്‍പ്പത്തിന്റെ ആവാസകേന്ദ്രമായി വിശ്വസിക്കപ്പെടുന്ന ഈ മല നഗരത്തിന്റെ കിഴക്ക് ഭാഗത്താണ്. ഈ കുന്നിന് മുകളില്‍ സര്‍പ്പത്തിനായി ഒരു ക്ഷേത്രവുമുണ്ട്. ചരിത്രം പ്രാചീനകാലം മുതല്‍ തന്നെ ബുജ് ഇന്ത്യന്‍ ചരിചത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ചരിത്രത്തിന്റെ ഒരു പാട് നാള്‍വഴികള്‍ക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണിത്. ഇന്‍ഡസ് വാലി സംസ്കാരം, അലക്സാണ്ടറുടെ ഇന്ത്യന്‍ അധിനിവേശം, ഗുജറാത്തിലെ സുല്‍ത്താന്‍ ഭരണം തുടങ്ങി ബ്രിട്ടീഷ് ഭരണം വരെ ഇത് നീണ്ടു കിടക്കുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ റാവു ഗോധിജിയാണ്, മുഗള്‍ ഭരണത്തിന്റെ തകര്‍ച്ചയെ തുടര്‍ന്നുള്ള പ്രശ്നങ്ങളില്‍ നിന്ന് കച്ചിനെ സംരക്ഷിക്കാനായി ബുജ് കോട്ട പണിതീര്‍ത്തത്. പതിനൊന്ന് മീറ്റര്‍ ഉയരമുള്ള ഈ കോട്ടയില്‍ 51 പീരങ്കികള്‍ ഉറപ്പിച്ചിട്ടുണ്ട്.

ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ ബുജിലെ ഒട്ടേറെ സ്ഥലങ്ങള്‍ ചരിത്രപ്രാധാന്യമുള്ളവയാണ്. 1991 ല്‍ അവസാനത്തെ കച്ച് രാജാവായ മദന്‍സിങ്ങ് മരിക്കുന്നത് വരെ ശാരദ് ബാഗ് പാലസായിരുന്നു രാജാക്കന്‍മാരുടെ താമസസസ്ഥലം. ലക്പത്ജി രാജാവിന്റെ കാലത്താണ് അയ്ന മഹല്‍ അഥവാ ഹാള്‍ ഓഫ് മിറര്‍ പണികഴിച്ചത്. ഇത് നിര്‍മ്മിച്ചത് വാസ്തുശില്‍പിയായിരുന്ന റാംസിന്‍ഹ് മാലമാണ്. ഇറ്റാലിയന്‍ ശൈലിയില്‍ പണികഴിച്ച പ്രാഗ് മഹലിലെ ബെല്‍ ടവര്‍ നിര്‍മ്മിച്ചത് പ്രാഗ്മാല്‍ജി രാജാവാണ്. രാമകുണ്ഡിലെ പടികള്‍ ഏറെ കൊത്തുപണികള്‍ നിറഞ്ഞതാണ്. രാമായണത്തിലെ കഥാപാത്രങ്ങളും, സ്മാരക കുടീരങ്ങളും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. കച്ച് മ്യൂസിയത്തിലെ 2000 വര്‍ഷം പഴക്കമുള്ള ക്ഷാത്രപ ലിഖിതങ്ങളും, ഹമിര്‍സാര്‍ തടാകവും പ്രധാന കാഴ്ചകളാണ്. ഇവിടെ തന്നെ സ്ഥിതി ചെയ്യുന്ന സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ മരപ്പാളികളില്‍ ചെയ്ത കൊത്തുപണികള്‍ ഏറെയുണ്ട്. ഇവയെല്ലാം കൃഷ്ണഭഗവാന്റെയും രാധയുടെയും കഥകള്‍ വിവരിക്കുന്നവയാണ്.

മതം ബുജിലെ ഏറ്റവും പ്രധാനപ്പെട്ടതും, ആദ്യത്തേതുമായ ക്ഷേത്രം സ്വാമിനാരായണ്‍ സമ്പ്രദായ് ആണ്. ബുജില്‍ വൈഷ്ണവ ഹിന്ദു, ജൈന, ഇസ്ലാം മതക്കാരാണ് കൂടുതലുള്ളത്. ലാഖ്പതില്‍ ഒരു സിക്ക് ഗുരുദ്വാരയുണ്ട്. ഗുരു നാനാക്ക് കച്ച് സന്ദര്‍ശിച്ചപ്പോള്‍ താമസിച്ചത് ഇവിടെയാണ്. സ്വഭാവിക പരിസ്ഥിതി സംരക്ഷിത കേന്ദ്രങ്ങള്‍ ബുജിനടുത്തുള്ള ഒരു സ്വാഭാവിക വനമാണ് ഖാവ്ദ. ബുജിന് വടക്ക് 72 കിലോമീറ്റര്‍ അകലെയുള്ള ഇവിടം അരയന്നങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രമാണ്. ഇവിടെ നിന്ന് മാറി മരുഭുമിയില്‍ ജാംകുണ്ഡലിയ എന്ന സ്ഥലത്ത് ഒരു തടാകമുണ്ട്. പതിനായിരക്കണക്കിന് അരയന്നങ്ങള്‍ യാത്രക്കിടെ വിശ്രമിക്കുന്ന സ്ഥലമാണിത്. അരയന്ന കോളനി എന്ന് വിളിക്കപ്പെടുന്ന ഇവിടേക്ക് ഒട്ടകത്തില്‍ യാത്ര ചെയ്തുവേണം എത്തിച്ചേരാന്‍.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം. ചാരി ദന്താണ് മറ്റൊരു എക്കോ ടൂറിസം കേന്ദ്രം. ബുജിന്‍റെ വടക്ക് പടിഞ്ഞാറ് 80 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ചാരി എന്നതിന് ഉപ്പ് എന്നും, ദന്ത് എന്നതിന് ആഴം കുറഞ്ഞ വെള്ളക്കെട്ട് എന്നുമാണ് അര്‍ത്ഥം. ഉപ്പുള്ള ഈ പ്രദേശത്ത് വാനമ്പാടി, കൊക്ക് തുടങ്ങി 370ഓളം ഇനം പക്ഷികളെ കാണാനാവും. കുദ്വയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ബ്ലാക്ക് ഹില്‍സാണ് കച്ചിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. ഇവിടെ നിന്നാല്‍ ആകാശവും മരുഭൂമിയും ഒന്നിച്ചുചേരുന്ന മനോഹരമായ കാഴ്ച കാണാം. പാക്കിസ്ഥാന്‍ അതിര്‍ത്തിയും ഇവിടെ നിന്നാല്‍ കാണാം. ബ്ലാക്ക് ഹില്‍സിന് മുകളില്‍ ഒരു ആര്‍മി പോസ്റ്റുണ്ട്. അവിടേക്ക് പട്ടാളക്കാര്‍ക്ക് മാത്രമേ പ്രവേശനമുള്ളു. 400 വര്‍ഷം പഴക്കമുള്ള ദാത്രേയ ക്ഷേത്രം ഈ മലമുകളിലാണ്. ദാത്രേയനെന്നത് ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവരുടെ ഒരുമിച്ചുള്ള മൂന്ന് തലയുള്ള അവതാരമാണ്. ടൂറിസ്റ്റുകള്‍ക്ക് താല്പര്യമുള്ള ഒരു വിഷയം കുച്ചി എംബ്രോയഡ്റി എന്ന നെയ്ത്ത് വിദ്യയാണ്. ബുജ് കാലങ്ങള്‍ കൊണ്ട് പരിവര്‍ത്തനം ചെയ്ത വന്ന ചരിത്രത്തിന്‍റെ ഏറെ ശേഷിപ്പുകളുള്ള പ്രദേശമാണ്.

STORY HIGHLIGHTS : A resting place for flamingos; Bhuj attracts everyone