കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന പ്രതി യാസിർ റിമാൻഡിൽ. താമരശ്ശേരി കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതിക്കായി അന്വേഷണസംഘം ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചതിനുശേഷം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പൊലീസിന്റെ നിലവിലെ കണ്ടെത്തൽ. യാസിറിന്റെ ആക്രമണത്തിൽ കഴുത്തിനു മുറിവേറ്റ ഷിബില കഴിഞ്ഞ ദിവസമാണ് മരിച്ചത്.
അതേസമയം, ഷിബില കൊലക്കേസിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവും ആഴത്തിലുള്ളതാണെന്നും ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രത്തോടെയാണെന്നാണ് പൊലീസ് കണ്ടെത്തൽ.
പ്രണയിച്ച് വിവാഹം ചെയ്തവരായിരുന്നു യാസറും ഷിബിലയും. യാസിറിന്റെ ലഹരിയുപയോഗവും, ശാരീരിക പീഡനവും കാരണം സഹികെട്ടാണ് ഷിബില യാസിറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. വസ്ത്രങ്ങളും വിവിധ രേഖകകളും വാടക വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഇതെടുക്കാനായി ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസർ സമ്മതിച്ചില്ല. ഇതിനിടെ മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ്, യാസർ ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ കത്തിച്ചു. ഇതോടെ ഷിബിലെ പൊലീസിൽ പരാതി നൽകി. നാട്ടുകാരിൽ ചിലർ അനുനയത്തിന് ശ്രമിച്ചിരുന്നു.
അതിനിടയിലാണ് സ്കൂൾ സർട്ടിഫിക്കറ്റുകൾ യാസർ കക്കാട്ടെ വീട്ടിലെത്തി തിരികെ നൽകിയത്. വൈകീട്ട് നോമ്പുതുറ നേരത്ത് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും പറഞ്ഞു. അത് പക്ഷേ ഷിബിലയുടെ ജീവനെടുക്കാനായിരുന്നുവെന്ന് ആരും അറിഞ്ഞില്ല. നിലവിളി കേട്ട് അയൽവാസികൾ എത്തുമ്പോഴേക്കും ഷിബില കുത്തേറ്റ് വീണിരുന്നു. അച്ഛൻ അബ്ദുറഹ്മാനും അമ്മ ഹസീനയ്ക്കും വെട്ടേറ്റു. അയൽവാസികൾക്ക് നേരെയും കത്തിവീശി. കൊലപാതകം നടന്ന നേരത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. സ്വബോധത്തോടെ കരുതിക്കൂട്ടിയാണ് യാസിർ കൊലചെയ്യാനെത്തിയെന്നാണ് പൊലീസ് നിഗമനം.