തിരുവനന്തപുരം: പ്രീപ്രൈമറി അധ്യാപകർക്കും ആയമാർക്കുമുള്ള ഓണറേറിയം മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി. അധ്യാപകരുടെ വേതനം 12,500 ൽ നിന്ന് 27,500 ആയും ആയമാരുടെ വേതനം 7500 ൽ നിന്ന് 22,500 ആയും വർധിപ്പിക്കാനായിരുന്നു സിംഗിൾ ബെഞ്ച് വിധി. വർധിച്ച വേതനം ഈ മാസം മുതൽ നൽകണമെന്നും 2012 ഓഗസ്റ്റ് മുതൽ മുൻകാല പ്രാബല്യത്തോടെയുള്ള കുടിശിക 6 മാസത്തിനുള്ളിൽ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയിരിക്കുന്നത്.
2012 ഓഗസ്റ്റ് ഒന്നിനു മുൻപ് നിയമിതരായ 2857 അധ്യാപകർക്കും 1951 ആയമാർക്കുമാണ് സർക്കാർ ഓണറേറിയം നൽകുന്നത്. ആ കാലയളവിനു ശേഷം സ്കൂൾ പിടിഎകൾ വഴി നിയമിതരായ അയ്യായിരത്തോളം അധ്യാപകരും ആയമാരും ഉണ്ടെങ്കിലും അവർക്ക് പിടിഎകൾ നൽകുന്ന തുച്ഛ വേതനം മാത്രമാണ് ലഭിക്കുന്നത്. അവരും സർക്കാർ ഓണറേറിയം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.